x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമ്മിലടിപ്പിക്കുന്നവർക്കുള്ളതല്ല ഈ പുതുവർഷം


Published: January 1, 2026 10:20 AM IST | Updated: January 1, 2026 10:25 AM IST

ഡോണ മയൂര

പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്‌ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...

 

വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.

ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്‍റെയും പകലിന്‍റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്‌ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.

കാണാൻ കാത്തിരിപ്പ്

പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്‌താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.

കൂടുതൽ വായിക്കട്ടെ

സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.

വർഗീയതയെ പുറത്താക്കണം

ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.

Tags : New Year new calendar year celebration welcomes 2026 expectaions politics election

Recent News

Up