Kerala
പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ചു സഭകളുടെ സമ്മർദമുണ്ടെന്ന തരത്തിൽ താൻ പരാമർശം നടത്തിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ പ്രമോദ് നാരായണൻ. ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും അറിവിൽപെടാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രചാരണങ്ങൾ അസത്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇതിനകംതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രമോദ് നാരായണൻ എംഎൽഎ ആരോപിച്ചു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ടു ശബരിമലയിൽ ആയിരുന്നതിനാൽ വാർത്തകൾ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും അതിനാലാണ് വിശദീകരണക്കുറിപ്പ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രമോദ് നിരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.
ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോടു വെറുപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടികളോടും വെറുപ്പില്ലെന്നും എന്നും എല്ലാം സമദൂരമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂരം എന്ന നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ ഇതിനകം രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
National
ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്‍പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്നു ശിവസേനയും (ഉദ്ധവ്) എംഎൻഎസും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രഖ്യാപനമുണ്ടായത്.
മുംബൈ മേയർ മറാഠി ആയിരിക്കുമെന്നും അതു തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സഖ്യം സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ മുംബൈ കോർപറേഷനിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടക്കുക.
Kerala
തൊടുപുഴ: സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാല്‍ പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ക്ക് സമസ്ത പിന്തുണ നല്‍കുന്നില്ല. ഇവിടുത്തെ മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിലുള്ള കലഹങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല.
രാജ്യത്തോടു കൂറുപുലര്‍ത്തിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സന്ദേശയാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിക്കലി തങ്ങള്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായിയെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തും.
പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ലീഗുമായി മറ്റു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Movies
ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്.
ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്‍ കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു. ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി.
ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
Movies
കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
ഡിസംബർ നാലിന് സേലത്തുവച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
District News
കോഴഞ്ചേരി: കഥകളി എന്ന കലാരൂപത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക ഗ്രാമപഞ്ചായത്താണ് അയിരൂർ. അയിരൂർ കഥകളി ഗ്രാമം എന്ന പേരിൽ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ സ്ഥലനാമം മാറ്റിയെഴുതിയിട്ടുണ്ട്. സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനും ചതയം ജലോത്സവത്തിനും ആതിഥേയത്വം അരുളുക കൂടി ചെയ്യുന്നുണ്ട്.
പമ്പയുടെ തീരത്തുള്ള പഞ്ചായത്തിലെ വിവിധ കരകളിലായി നാല് ആറന്മുള പള്ളിയോടങ്ങളുണ്ട്.പന്തളത്തുനിന്നു ശബരിമലയിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണ ഘോഷയാത്രയുടെ ആദ്യ വിശ്രമകേന്ദ്രം അയിരൂരിലെ പുതിയകാവിലുള്ള ദേവീക്ഷേത്ര മതിലകത്താണ്. നിരവധി സാംസ്കാരിക നായകരുടെയും മതമേലധ്യക്ഷരുടെയും ജന്മനാടുകൂടിയാണ് അയിരൂർ. ആധ്യാത്മിക, സാംസ്കാരിക പാരന്പര്യം മുറുകെപ്പിടിക്കുന്ന പഞ്ചായത്തിലെ ഭരണസാരഥികൾക്കും അത്തരം ഒരു പശ്ചാത്തലത്തിൽനിന്നു മാത്രമേ പ്രവർത്തിക്കാനാകൂ.
കാർഷിക ഗ്രാമമാണെങ്കിലും കൃഷി കനത്ത വെല്ലുവിളിയെ നേരിടുകയാണ്. പഴയകാല പ്രതാപം കൃഷിക്ക് ഇല്ലാതായി. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പദ്ധതികൾക്കാണ് ഭരണസമിതി ലക്ഷ്യംവച്ചതെങ്കിലും രാഷ്ട്രീയമായ അസ്ഥിരതയും ഭരണതലപ്പത്തെ പ്രതിസന്ധികളും മറ്റൊരു വെല്ലുവിളിയായി.
നേട്ടങ്ങൾ
അമ്പിളി പ്രഭാകരൻ നായർ
(അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്)
പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ ഗവണ്മെന്റ് എല്‍പി സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് അയിരൂർ, തടിയൂർ മോഡൽ, പ്ലാങ്കമൺ എൽപി സ്കൂളുകൾക്ക് കെട്ടിടം, അയിരൂർ ജിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്തിൽനിന്നു കെട്ടിടം.
കാഞ്ഞീറ്റുകര, കോറ്റാത്തൂര്‍ പൊതുജന ആരോഗ്യ സബ്സെന്ററുകളുടെ നവീകരണത്തിനായി 16 ലക്ഷം രൂപയും പ്ലാങ്കമണ്‍ സബ്സെന്ററിന്റെ കെട്ടിടത്തിനായി 55 ലക്ഷം രൂപയും അനുവദിച്ച് പണികള്‍ പൂര്‍ത്തീകരിച്ചു.
ഞൂഴൂരില് പുതിയ പൊതുജന ആരോഗ്യ സബ്സെന്റര്‍ നിര്‍മിക്കുന്നതിന് 55 ലക്ഷം.
ലൈഫ് ഭവനപദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തില്‍ 56 ഭവനങ്ങളുടെ നിമാണം പൂര്‍ത്തീകരിക്കുകയും 39 ഭവനങ്ങളുടെ നിർമാണം നടന്നുവരികയും ചെയ്യുന്നു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചു.
ദാരിദ്ര്യനിർമാർജന മേഖലയിൽ വിവിധ പദ്ധതികൾ.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ഒന്നാംഘട്ടമായി ചുറ്റുമതില്‍, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകൾ പൂർത്തീകരിച്ചു.
സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഒരു കോടി രൂപയുടെ പ്രോജക്ടും എസ്റ്റിമേറ്റും തയാറാക്കി സ്പോര്‍ട്സ് കൗണ്‍സിലിനു സമര്‍പ്പിച്ചു.
മാലിന്യനിർമാർജനത്തിന്റെയും സന്പൂർണ ശുചിത്വത്തിന്റെയും ഭാഗമായി ബയോബിൻ, ബോട്ടിൽ ബൂത്ത് എന്നിവ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.
17 അങ്കണവാടികള്‍ക്ക് കെട്ടിടം പണിയുന്നതിലേക്ക് സ്ഥലം കണ്ടെത്തി.
വയോജന ക്ലബ് രൂപീകരിച്ചു
10 ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ നല്കി.
50 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിനു പുതിയ കെട്ടിടം.
പമ്പാതീരത്തെ കടവുകളുടെ പുനരുദ്ധാരണം.
റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി ഒന്‍പതു കോടിയുടെ മെയിന്റനൻസ് ഫണ്ട് വിനിയോഗിച്ചു. പ്ലാൻഫണ്ടിൽനിന്നു രണ്ടു കോടി നൽകി.
കോട്ടങ്ങൾ
പ്രദീപ് അയിരൂർ
(ബിജെപി പാർലമെന്ററി പാർട്ടി നേതാവ്)
ഭരണത്തിലെ അസ്ഥിരത വികസനപ്രവർത്തനങ്ങളെ ബാധിച്ചു
പ്രസിഡന്റുസ്ഥാനത്തിനുവേണ്ടി സിപിഎമ്മിലുണ്ടായ വടംവലി കാരണം അധികാരം വീതം വയ്ക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഏറെ സമയവും വേണ്ടിവന്നത്.
ഭരണത്തിലെ കെടുകാര്യസ്ഥത അഴിമതിക്ക് കളമൊരുക്കി. അയിരൂർ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് ഉത്തരാവാദികളായവർതന്നെ പഞ്ചായത്ത് ഭരണവും നിയന്ത്രിച്ചു.
ജലജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കാര്യക്ഷമമായ നടപടികളുണ്ടായില്ല.
ഇടപ്പാവൂരിൽ കുടിവെള്ള പദ്ധതിയുടെ കിണർ തകർന്നതും ചെളി അടിഞ്ഞതും കാരണം പന്പിംഗ് സുഗമമല്ല.
സ്റ്റേഡിയം വികസനത്തിനു പദ്ധതി ഉണ്ടെന്നു പറയുന്പോഴും സമീപ ദിവസങ്ങൾ വരെയും കാടുകയറി കിടക്കുന്ന സാഹചര്യമായിരുന്നു.
ചെറുകോൽപ്പുഴ - റാന്നി റോഡ് വികസനത്തിന് ഇടപെടലുകളുണ്ടായില്ല.
അടിസ്ഥാനസൗകര്യ വികസനത്തിൽ പഞ്ചായത്ത് പിന്നോക്കം. പ്രതിവർഷം പഞ്ചായത്തിലെത്തുന്ന സഞ്ചാരികളുടെയും തീർഥാടകരുടെയും ബാഹുല്യം കണക്കിലെടുത്ത് പദ്ധതികളുണ്ടാകുന്നില്ല.
അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുന്നതിൽ ഗുരുത വീഴ്ച.
കഥകളി ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചപ്പോഴും സാംസ്കാരികത്തനിമ നിലനിർത്തുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തയാറായില്ല.
സാംസ്കാരിക സമുച്ചയം പ്രഖ്യാപനം മാത്രം.
ഒറ്റനോട്ടത്തിൽ
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു മുന്നണിക്കുമുണ്ടായില്ല. എൽഡിഎഫിനൊപ്പം ബിജെപിയും അംഗബലത്തിൽ മുന്നിലെത്തി. സ്വതന്ത്രരുടെകൂടി പിന്തുണ ലഭിക്കുകയും യുഡിഎഫ് വിട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തിലെത്തി. സിപിഎമ്മിലെ അനിതാ കുറുപ്പാണ് ആദ്യഘട്ടത്തിൽ പ്രസിഡന്റായത്. പാർട്ടിയിലെ ധാരണപ്രകാരം രണ്ടു വർഷത്തിനുശേഷം അനിതാ കുറുപ്പ് രാജിവച്ചു.
അന്പിളി പ്രഭാകരൻ നായർ തുടർന്ന് പ്രസിഡന്റായി. മുൻ പ്രസിഡന്റ് ശ്രീജ വിമലിനു കൂടി പ്രസിഡന്റു സ്ഥാനം നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നു. പാട്ടിയിൽ ഇതനുസരിച്ച് ധാരണ രൂപപ്പെടുകയും ചെയ്തിരുന്നതായി പറയുന്നു. ഇതു നടപ്പാകാതെ വന്നതോടെ ശ്രീജ വിമൽ മെംബർ സ്ഥാനം രാജിവച്ചത് സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തിന്റെ പൊട്ടിത്തെറിയായി. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും ചെയ്തു.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന അയിരൂരിൽ നിലവിൽ ഇടതുമുന്നണി ശക്തമായ വേരോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ വളർച്ചയും ഇക്കാലയളവിൽ ഉണ്ടായി. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് വീണ്ടും വിജയം ഉറപ്പാക്കാനുള്ള ആത്മവിശ്വാസം സിപിഎമ്മിനുണ്ടെങ്കിലും അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിലെ ക്രമക്കേടുകളും പ്രാദേശികമായ ഉൾപാർട്ടി പ്രശ്നങ്ങളും വെല്ലുവിളിയാണ്.
District News
കൊല്ലം : കൊല്ലത്ത് സിപിഐയിലെ കൂട്ട രാജികൾക്ക് പിറകെ വിഭാഗീയത മറ നീക്കി പുറത്തുവന്നു. കൊല്ലത്തെ ഇരുപത് മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികൾ വിഭാഗീയത കടുത്തിരിക്കുകയാണ്. ഒരു മണ്ഡലം കമ്മിറ്റി കൂടി എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കുണ്ടറ, കുന്നിക്കോട്, കുന്നത്തൂർ, കടയ്ക്കൽ, നെടുവത്തുർ മണ്ഡലം കമ്മിറ്റികളിലാണ് ഇതിനകം കൂട്ട രാജികൾ നടന്നത്.
കുണ്ടറയിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത്. രാജി വച്ചവർ സിപിഎമ്മിലേക്കാണ് പോയത്. പാർട്ടിക്കുള്ളിലെ വിഭാഗീയത വിളിച്ചറിയിക്കുന്നതായിരുന്നു മുതിർന്ന സിപിഐ നേതാവും കൊല്ലം ഡപ്യൂട്ടി മേയറും ആയിരുന്ന കൊല്ലം മധുവിന്റെ വിമർശനം.
‘പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമെന്ന കൊല്ലം മധുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ വിമർശനം പാർട്ടി ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മധുവിനെതിരെ പാർട്ടി നടപടി എടുക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയിലേക്ക് കടന്നു വന്ന മധുവിനെ ജില്ലാ കമ്മിറ്റിയിൽ എടുക്കാത്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നിലപാടിനെതിരെ മധുവിന്റെ ഫേസ് ബുക്ക് വിമർശനം.
മധുവിനോളം പാർട്ടി പ്രവർത്തന പാരമ്പര്യമില്ലാത്ത വിനോദിനെ ജില്ലാ നേതൃത്വം ഡിസിയിൽ ക്ഷണിതാവാക്കിയതിന്റെ അമർഷവും മുൻ ഡപ്യൂട്ടി മേയർക്കുണ്ട്. ജെഎൻയുവിലെ വിദ്യാർഥി നേതാവും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും കണക്കിലെടുത്താണ് കവി തിരുനെല്ലൂരിന്റെ മകൻ വിനോദിനെ പാർട്ടി ഡിസിയിൽ ക്ഷണിതാവാക്കിയിരിക്കുന്നത്.
District News
തിരുവനന്തപുരം: മാസപ്പടി കേസില്‍ രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ.
കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ പണം വാങ്ങി. കരിമണല്‍ കമ്പനി വീണയ്ക്കു പണം നല്‍കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Leader Page
തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടം നമ്മെ കാര്യമായി ചിന്തിപ്പിക്കണം, അസ്വസ്ഥതപ്പെടുത്തണം. വിജയ്യുടെ താരപരിവേഷത്തിൽ മയങ്ങി അദ്ദേഹത്തെ കാണാൻ പോയി അപകടത്തിൽപ്പെട്ടവരാണ് അവർ എന്നുള്ള ലളിതവത്കരണം നമ്മുടെ ചില വർത്തമാന യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനേ ഇടയാക്കൂ. താരാധനയെക്കുറിച്ചും ആൾക്കൂട്ട വിഭ്രാന്തിയെക്കുറിച്ചുമൊക്കെ പഠനം നടന്നിട്ടുള്ളത് വികസിതരാജ്യങ്ങളിലെ യഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ്.
ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേകമായ ജീനിയസിനെ മനസിലാക്കി അതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു താരാധനയായി കണക്കാക്കാം. അപ്പോൾ ആ ജീനിയസിനെ മനസിലാക്കാനുള്ള ശേഷി അങ്ങനെയുള്ളവർക്കുണ്ട്. ഇതു സിനിമയിലോ സ്പോർട്സിലൊ മ്യൂസിക്കിലോ ഒക്കെ ആകാം. മഡോണയോട് ആരാധന തോന്നുന്നതും ആയിരങ്ങൾ അവരുടെ പാട്ടുകൾ കേൾക്കാൻ തടിച്ചുകൂടുന്നതുമൊക്കെ നാം കാണുന്നുണ്ട്.
അങ്ങനെയുള്ള ആൾക്കൂട്ടത്തിനിടയ്ക്ക് ചിലപ്പോൾ ആൾക്കൂട്ട വിഭ്രാന്തിയുടെ അനുഭവങ്ങളും സംഭവിക്കാറുണ്ട്. ഇതിന് വലിയ വാണിജ്യപരമായ പ്രാധാന്യമുണ്ട്, ഗവൺമെന്റ് സാധ്യമായ എല്ലാ മുൻകരുതലും എടുക്കാറുമുണ്ട്. അതുകൊണ്ട് കരൂർ അപകടംപോലെയുള്ള ദുഃഖകരമായ സംഭവങ്ങളെ ഈ ഗണത്തിൽപ്പെടുത്താമോയെന്നു സംശയിക്കണം. ഇവിടെ ഒരു താരം ഉണ്ടെന്നതു മാത്രമാണ് മുന്‍പു പറഞ്ഞ സംഭവങ്ങളുമായി സാമ്യമുള്ളത്. കൂടാതെ, ഇതൊരു രാഷ്ട്രീയറാലികൂടിയാണെന്നത് മറ്റൊന്ന്.
ഇത്തരം സംഭവങ്ങളെ ഇന്ത്യയുടെ പ്രത്യേകമായ സാഹചര്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ഇത്തരം പ്രാകൃതമായ റാലികൾ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായി വേണം മനസിലാക്കാൻ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാണ്ട് 79 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യ സംസ്കാരം എവിടെ നിൽക്കുന്നുവെന്നും ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ എന്തു മാറ്റം വരുത്താൻ സാധിച്ചുവെന്നും ആത്മാർഥമായി പരിശോധിക്കാനുള്ള സമയമാണിത്. ഇനിയും ഇങ്ങനെയുള്ള അവസരങ്ങൾ വരുമെന്നുറപ്പാണ്.
നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രതിസന്ധിയായി വേണം ഇതിനെ കാണാൻ. മാറിമാറി വരുന്ന സർക്കാരുകകളും വികസിച്ചുവരുന്ന പാർട്ടിഫണ്ടും നേതാക്കളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യ ഇത്ര വികസിച്ച ഇക്കാലത്തും, ഒരു താരത്തെ, പുതിയ രാഷ്ട്രീയനേതാവിനെ കാണാൻ രാപകൽ ജനങ്ങൾ കാത്തുനിൽക്കുന്നു, ജീവിതംതന്നെ അപകടത്തിലാക്കുന്നുവെന്ന് കാണുമ്പോൾ, ഇത്തരം ജനങ്ങളുടെ ജീവിതനിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
കലാകാലങ്ങളായി വോട്ട് ചെയ്തു സർക്കാരുകളെ തെരഞ്ഞെടുത്തിട്ടും നേതാക്കളെ ജയിപ്പിച്ചിട്ടും പാർട്ടികളെ പരീക്ഷിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം അത്രയ്ക്കു പരിതാപകരമായതുകൊണ്ടായിരിക്കണമല്ലോ എന്തു വിലകൊടുത്തും പുതിയ നേതാവിനെ അല്ലെങ്കിൽ രക്ഷകനെ തേടി ജനം പോകുന്നത്. നിസഹായരായ ഇവരെ നിസാരമായ കാര്യങ്ങൾ കൊടുത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഇത്തരം പ്രാകൃതസമ്മേളനങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന മധ്യവർത്തികളും ഇതുകൊണ്ട് ലാഭമുണ്ടാക്കുന്നു. അങ്ങനെ രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും അതുകൊണ്ടുള്ള പ്രയോജനവും ഒരു പ്രത്യേക വിഭാഗത്തിന് എന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതു മനസിലാക്കാനുള്ള അടിസ്ഥാന വിമർശനബുദ്ധിയോ വിദ്യാഭ്യാസമോ പോലും ഇവർക്കു കൊടുക്കാൻ സാധിച്ചില്ല എന്നുള്ളത് നമുടെ ജനാധിപത്യത്തിനു നാണക്കേടാണ്.
ഷേക്സ്പിയർ പറയുന്നതുപോലെ അവർ വെറും ‘ഫോഡർ ഫോർ ദ കാനൻ’ പീരങ്കിക്കുള്ള തീറ്റ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, നമ്മുടെ ഭരണകർത്താക്കളും താരപ്രസംഗകരുമൊക്കെ സ്വകാര്യ വിമാനത്തിലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടും അംഗരക്ഷകരോടുംകൂടി അല്പംപോലും വെയിലും മഴയും ഏൽക്കാതെയും ഒരിടത്തും കാത്തുനിൽക്കാൻ കൂട്ടാക്കാതെയും യാത്ര ചെയ്യുമ്പോഴാണ്, നടുറോഡിലുൾപ്പെടെ ഈ റാലികളുടെയും പ്രസംഗങ്ങളുടെയും ചതി തെളിഞ്ഞുവരുന്നത്. ജനങ്ങൾ ശരിക്കും ചതിക്കപ്പെടുകയാണ്.
എന്നിട്ടും അവർ രക്ഷകനെ തെരഞ്ഞുള്ള യാത്ര തുടരുന്നു. ഇത് ഇനിയും ആവർത്തിക്കാതെ നോക്കുന്നതിലാണ് നമ്മുടെ നേതാക്കളും സർക്കാരുകളും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം മൈക്ക് കെട്ടി പറയേണ്ടതല്ലല്ലോ, പ്രവർത്തിച്ചു കാണിക്കേണ്ടതല്ലേ. അതിനു നയങ്ങളും പദ്ധതികളുമല്ലേ വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലല്ലേ വോട്ട് ചോദിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും. അതുകൊണ്ട് ഇത്തരം മനുഷ്യത്വരഹിതവും വിരുദ്ധവുമായ ബഹുജന റാലികളിൽനിന്ന് ഇത്തരം പാവം ജനങ്ങളെ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും തീരുമാനിച്ചാൽ ഇത്തരം പെടുമരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു, ഏതാണ്ട് അതിനു തുല്യമായ ജീവിതസാഹചര്യമാണ് അവർക്കുള്ളതെങ്കിലും.
Kerala
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.
മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ആർക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും ഗണേഷ് പരിഹസിച്ചു.
Editorial
രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. എവിടെ വരുമെന്നല്ല വരുമോയെന്നു മാത്രം പറയൂ.
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം.
അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്.
അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച കുട്ടികളിൽ 30 ശതമാനമായിരുന്നു അതിജീവനത്തിന്റെ നിരക്കെങ്കിൽ നിലവിലത് 88 ശതമാനമായി ഉയർന്നെന്ന ആശ്വാസകരമായ റിപ്പോർട്ട് ദിവസങ്ങൾക്കുമുന്‍പ് പുറത്തുവിട്ടത് എയിംസാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന തർക്കം കേട്ട് പലരും ആശയക്കുഴപ്പത്തിലാണ്. കാരണം, എയിംസ് അനുവദിച്ചതുകൊണ്ടാകാം ഈ തർക്കമെന്നാണ് പലരും കരുതിയിരിക്കുന്നത്.
അങ്ങനെയൊരു സംഭവമേയില്ല. ഇതാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം. എയിംസ് കേരളത്തിന് അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പക്ഷേ, അതെവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു തർക്കം ഉച്ചസ്ഥായിയിലാണ്. ഈ രാഷ്ട്രീയ തർക്കം എയിംസിന്റെ സാധ്യതകളെപ്പോലും ഇല്ലാതാക്കുമെങ്കിൽ അത് അവസാനിപ്പിക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പഠിക്കാൻ വിദ്യാർഥികൾ ക്യൂ നിൽക്കുന്പോൾ സ്ഥലത്തെക്കുറിച്ചുള്ള തർക്കം എയിംസിലും ചികിത്സയില്ലാത്ത രാഷ്ട്രീയരോഗമാണ്. ഇത്തരം തർക്കങ്ങൾ പുതിയതല്ല; പക്ഷേ, ഈ രാഷ്ട്രീയം പുതിയതാണ്. ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956ൽ ഡൽഹിയിൽ സ്ഥാപിതമായി.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം അതു കോൽക്കത്തയിൽ സ്ഥാപിക്കണമെന്നായിരുന്നു. പക്ഷേ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബി.സി. റോയ് നിരസിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയിൽ സ്ഥാപിക്കുകയായിരുന്നു എന്നാണ് ചില രേഖകൾ പറയുന്നത്. നെഹ്റുവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-പ്രാദേശിക പരിഗണനകൾക്കപ്പുറമായിരുന്നു രാജ്യം.
രാജ്യത്തിന്റെ വികസനത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആ കാഴ്ചപ്പാടിന്റെ സ്മാരകമാണ് എയിംസ്. ഏകദേശം ഏഴു പതിറ്റാണ്ടിനുശേഷം ആലപ്പുഴയിലാണോ തൃശൂരാണോ തിരുവനന്തപുരത്താണോ കാസർഗോട്ടാണോ കോഴിക്കോട്ടാണോ വേണ്ടതെന്ന തർക്കത്തിലാണ് നമ്മൾ.
അതിലേറെയും, എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻവേണ്ടി തങ്ങൾ ശ്രമിച്ചിരുന്നു എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള വെറും അഭ്യാസങ്ങളാണ്. രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിൽ അനുമതിയായിട്ടില്ലെന്നുകൂടി ഓർമിക്കണം. രാജ്യത്തും വിദേശത്തും ഏറ്റവുമധികം ഡോക്ടർമാരെയും നഴ്സുമാരെയും സംഭാവന ചെയ്യുന്ന കേരളത്തിൽ ഇതു സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പലപ്പോഴും ബജറ്റുകളിൽ അതു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏതോ രാഷ്ട്രീയം അതിനെയൊക്കെ കടപുഴക്കിക്കളഞ്ഞു. ഇപ്പോൾ ആ ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിന് എയിംസ് അനുവദിച്ചതായി കേന്ദ്രം ഇന്നു പറഞ്ഞാൽ നാളെ രാവിലെ സ്ഥലം നൽകാൻ സർക്കാർ സജ്ജമാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
ഒരുപക്ഷേ, എയിംസ് കിട്ടാനിടയില്ലെന്ന തോന്നലാകാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. അതുകൊണ്ട്, സ്ഥലത്തെക്കുറിച്ച് തർക്കിക്കുന്ന ജനപ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആദ്യം കേരളത്തിന് എയിംസ് നേടിയെടുക്കൂ. ചാൾസ് ഡിക്കൻസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്: “വസ്തുതകൾ... വസ്തുതകൾ മാത്രമേ ജീവിതത്തിൽ ആവശ്യമായിട്ടുള്ളൂ.” എയിംസിന്റെ കാര്യത്തിൽ നാം അതുമാത്രം കാണുന്നില്ല.
Leader Page
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Editorial
കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ലല്ലോ. ഇതിന്റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.
ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ്‍ 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്‍നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ അനുമതി നിഷേധിച്ചു.
എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.
സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.