വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ ആക്രമണം നടത്തിയത് നോർത്ത് കരോളിന സ്വദേശിയായ യുവാവ്. ഇയാളെ സീക്രട്ട് സർവീസ് വെടിവച്ചുകൊന്നു.
നോർത്ത് കരോളിനയിലെ നഗരമായ കാമറൂണിൽനിന്നുള്ള ഓസ്റ്റിൻ ടി. മാർട്ടിനാണ് (21) അക്രമി.
ഞായാറാഴ്ച ഇയാളെ കാണാതായതായി കുടുംബം പറയുന്നു. ഓസ്റ്റിൻ മാർട്ടിനെതിരായി മുൻപ് കേസുകൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. നോർത്ത് കരോളിനയിൽനിന്നും ഫ്ളോറിഡയിലേക്കുള്ള യാത്രയിലാണോ തോക്ക് വാങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അക്രമിക്കെതിരായ നടപടിയിൽ സീക്രട്ട് സർവീസ് ഏജന്റുമാരുൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് റിക്ക് ബ്രാഡ്ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
കടുത്ത ട്രംപ് പക്ഷപാതികളായ കുടുംബത്തിൽനിന്നുള്ളയാളാണ് മാർട്ടിനെന്ന് ബന്ധുവായ ബ്രേഡൻ ഫീൽഡ്സ് പറയുന്നു. മാർട്ടിൻ പൊതുവെ ശാന്ത സ്വഭാവിയാണ്. തോക്കിനോട് ഭയമുള്ളയാളുമാണ്. ഇക്കാര്യം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഫീൽഡ്സ് പറഞ്ഞു.
മാർട്ടിൻ പ്രാദേശിക ഗോൾഫ് കോഴ്സിലാണ് ജോലി ചെയ്തിരുന്നത്. ഒരു ഉറുമ്പിനെ പോലും അയാൾ ഉപദ്രവിക്കില്ല. തോക്ക് എങ്ങനെ ഉപയോഗിക്കണമെന്നുപോലും അയാൾക്ക് അറിയില്ല. ഇതുപോലുള്ള എന്തെങ്കിലും അവൻ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഫീൽഡ്സ് പറഞ്ഞു.
ഫ്ലോറിഡ പാം ബീച്ചിലെ മാർ- അ-ലാഗോ റിസോർട്ടിൽ പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. ഈസമയം ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടൺ ഡിസിയിലായിരുന്നു. ട്രംപിനു നേരേ നേരത്തേയും ആക്രമണമുണ്ടായിട്ടുണ്ട്.
2024ൽ പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവച്ചുകൊലപ്പെടുത്താനായിരുന്നു ശ്രമം. ആക്രമണത്തിൽ വലതുചെവിക്ക് പരിക്കേറ്റിരുന്നു. 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിന്റെ ഗോൾഫ് കോഴ്സിൽവച്ചും വധശ്രമമുണ്ടായി.
Tags : Trump supporter Palm Beach attack Austin Martin Palm Beach