കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടു. കിഴക്കൻ മേഖലയിലെ നംഗർഹാർ, പക്തിക പ്രവിശ്യകളിലെ ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഒരു മദ്രസയും നിരവധി വീടുകളും ആക്രമണത്തിൽ തകർന്നു. അഫ്ഗാൻ വ്യോമാതിർത്തിയുടെയും പരമാധികാരത്തിന്റെയും ലംഘനമാണ് ആക്രമണമെന്ന് സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. നിരവധി പേർക്കു പരിക്കേറ്റു. 70 തീവ്രവാദികളെ കൊന്നുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നംഗർഹാർ പ്രവിശ്യയിലെ അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവിശ്യാ ഡയറക്ടർ മൗലവി ഫസൽ റഹ്മാൻ ഫയാസ് സ്ഥിരീകരിച്ചു.
അതേസമയം പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ ഭീകരരെയാണു വധിച്ചതെന്ന് ഇസ്ലാമാബാദ് അവകാശപ്പെട്ടു. 70 ഭീകരരെ വധിച്ചതായി ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പാക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറഞ്ഞു.
അതേസമയം ഒരു തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ല. ഭീകരതയ്ക്കെതിരേ സ്വന്തം ജനതയെ രക്ഷിക്കാനുള്ള അവകാശമാണ് വ്യോമാക്രമണത്തിനു പിന്നിലെന്ന് പാക് പ്രസിഡന്റ് അസിഫ് അലി സർദാരി ഞായറാഴ്ച പറഞ്ഞിരുന്നു.
ന്യൂഡൽഹി: അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. പാക് സർക്കാരിന്റെ ആഭ്യന്തര പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമമാണിതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിശുദ്ധമാസത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ ആളുകളുടെ ജീവൻ നഷ്ടമായ ആക്രമണം. അഫ്ഗാനിസ്ഥാന്റെ സ്വയംഭരണത്തിനും അതിർത്തിക്കുള്ളിലെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പിന്തുണ ആവർത്തിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Pakistani airstrike Pakistan Afghan border