യുദ്ധത്തിന്റെ കെടുതികൾ, ഏറ്റവും തീവ്രമായി അനുഭവിക്കുന്നതു കുട്ടികളും സ്ത്രീകളുമാണ്. അനാഥത്വത്തിന്റെ മഹായാനങ്ങളിൽ എരിഞ്ഞുനീറിയത് എത്രയോ നരജന്മങ്ങൾ. തങ്ങൾ ചെയ്ത കുറ്റം എന്തെന്നു പോലും അറിയാത്ത ജീവിതങ്ങൾ. ചരിത്രം ജയിച്ച രാജാവിന്റെ മാത്രമല്ല, തോറ്റ പ്രജകളുടെയും കൂടിയാണെന്ന് കാലം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ആ കൊച്ചു നാട്ടുരാജ്യം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടുംഭീകരതയിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന കാലം. നാസിപ്പടയുടെ അധിനിവേശവും സോവിയറ്റ് യൂണിയനിലെ ഗുലാഗ് എന്ന കൊടിയ പീഡനങ്ങൾ അരങ്ങേറിയ തടങ്കൽ പാളയങ്ങളും തകർത്തുകളഞ്ഞ ആയിരക്കണക്കിന് പോളിഷ് ജീവിതങ്ങൾ.
അവരിൽ ചിലർ ഇന്ത്യയുടെ മക്കളായി, ഇന്ത്യയിലെ കൊച്ചു നാട്ടുരാജ്യമായിരുന്നു. നവാനഗറിലെ (ഇപ്പോൾ ജാംനഗർ) മഹാരാജാവ് ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി അവരെ ഏറ്റെടുത്തു. അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചു. ചരിത്രം, അദ്ദേഹത്തെ നന്മയുടെ മഹാരാജാവ്- എന്നു രേഖപ്പെടുത്തി. മാനവികതയുടെ സമാനതകളില്ലാത്ത ചരിത്രമാണ് നവാനഗറിന്റെ സ്വന്തം മഹാരാജാവിന്റേത്.
1941ലെ സിക്കോർസ്കി-മെയ്സ്കി കരാറിനെത്തുടർന്ന് സോവിയറ്റ് യൂണിയനിലെ ഗുലാഗുകളിൽനിന്നും മറ്റു തടങ്കൽപ്പാളയങ്ങളിൽനിന്നും പതിനായിരക്കണക്കിനു പോളിഷ് യുദ്ധത്തടവുകാർ മോചിതരായി. അക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു കുട്ടികളുമുണ്ടായിരുന്നു.
അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വന്തം നാട് നാസികളുടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയൻ അവരെ ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. പട്ടിണിയും രോഗങ്ങളും വേട്ടയാടിയ ആ കുരുന്നുകൾക്കു മുന്നിൽ ലോകരാജ്യങ്ങൾ പലതും വാതിലുകൾ കൊട്ടിയടച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ബ്രിട്ടീഷ് വാർ ക്യാബിനറ്റിൽ അംഗമായിരുന്ന ദിഗ്വിജയ്സിംഗ്ജി രക്ഷകനായി അവതരിക്കുന്നത്.
ഗുലാഗിലെ സ്റ്റാലിൻ ക്രൂരത
ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.

നവാനഗറിന്റെ മക്കൾ
ഗുജറാത്തിലെ ബാലചടിയിലുള്ള തന്റെ എസ്റ്റേറ്റ് പോളിഷ് കുട്ടികൾക്കായി മഹാരാജാവ് വിട്ടുനൽകി. അവിടെ എത്തിയ കുട്ടികളോട് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നും ചരിത്രത്തിൽ തിളങ്ങിനൽക്കും: നിങ്ങൾ ഇനി അഭയാർഥികളല്ല. ഇന്നു മുതൽ നിങ്ങൾ നവാനഗറിന്റെ മക്കളാണ്, ഞാൻ നിങ്ങളുടെ ബാപ്പുവും (പിതാവ്)...
കേവലം ഒരു വാഗ്ദാനമായിരുന്നില്ല അത്. തന്റെ കൊട്ടാരത്തിലെ ഗസ്റ്റ് ഹൗസ് അദ്ദേഹം അവർക്കായി വിദ്യാലയമാക്കി മാറ്റി. പോളിഷ് പുസ്തകങ്ങളുള്ള ലൈബ്രറിയും കളിസ്ഥലങ്ങളും അവിടെ ഒരുങ്ങി. 1942 ഡിസംബറായപ്പോഴേക്കും തുർക്ക്മെനിസ്ഥാനിൽനിന്ന് 1,500 കിലോമീറ്ററോളം ട്രക്കുകളിൽ യാത്ര ചെയ്ത് 640-ഓളം കുട്ടികൾ ബാലചടിയിലെത്തി.
പട്ടിണി കൊണ്ട് എല്ലും തോലുമായിരുന്ന കുട്ടികളെ പരിപാലിക്കാൻ കത്തോലിക്കാ വൈദികരും സ്കൗട്ട് മാസ്റ്റർമാരും ഒപ്പമുണ്ടായിരുന്നു. പോളിഷ് സംസ്കാരവും ഭാഷയും മുറുകെപ്പിടിച്ച് അവർ ഇന്ത്യയുടെ മണ്ണിൽ വളർന്നു. പിൽക്കാലത്ത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അടുത്ത സുഹൃത്തായി മാറിയ സ്കൗട്ട് മാസ്റ്റർ സെഡ്സ്ലാവ് പെസ്കോവ്സ്കി ഉൾപ്പെടെയുള്ളവർ ഈ ക്യാമ്പിലെ അന്തേവാസികളായിരുനനു.

മഹാമനുഷ്യന് പോളണ്ടിന്റെ നന്ദി
യുദ്ധാനന്തരം പല കുട്ടികളും അമേരിക്കയിലേക്കും ഇസ്രയേലിലേക്കും കുടിയേറി. ഇതിനും എല്ലാ സഹായവുമായി വൈദികരും രാജകുടുംബാംഗങ്ങളും ഉണ്ടായിരുന്നു. പോളണ്ടിന്റെ മക്കളെ പോറ്റിവളർത്തിയ ബാപ്പു-വിനെ ആ രാജ്യം മറന്നില്ല. 1989ൽ കമ്യണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം പോളിഷ് സർക്കാർ അദ്ദേഹത്തെ ഔദ്യോഗികമായി ആദരിച്ചു. വാഴ്സയിലെ ഒരു പാർക്കിന് -സ്ക്വയർ ഓഫ് ഗുഡ് മഹാരാജ- എന്നു പേരിടുകയും അദ്ദേഹത്തിന്റെ സ്മാരകം അവിടെ സ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യ പരമാധികാര രാഷ്ട്രമാകുന്നതിനു മുൻപ്, സാമ്പത്തികമായി ഒട്ടും മെച്ചപ്പെട്ട നിലയിലല്ലാതിരുന്നിട്ടും ആപത്തിൽപ്പെട്ടവരെ സഹായിക്കാൻ കാണിച്ച ആ വലിയ മനസ് ഇന്നും ഇന്ത്യ-പോളണ്ട് ബന്ധത്തിന്റെ കരുത്തുറ്റ പ്രതീകമാണ്. മാനവികതയ്ക്ക് അതിരുകളില്ലെന്നു തെളിയിച്ച മഹാപുരുഷനായിരുന്നു മഹാരാജ ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി.
Tags : humanity Poland indian king park in Poland 2nd world war Lenin