കോട്ടയം: തൊഴിൽ നിയമങ്ങൾ എന്നാൽ നാളിതുവരെ തൊഴിലാളി ക്ഷേമ നിയമങ്ങൾ ആയിരുന്നു. എന്നാൽ, ലേബർ കോഡുകൾ നിലവിൽ വന്നതോടെ തൊഴിൽ നിയമങ്ങൾ വ്യവസായ താത്പര്യ നിയമങ്ങളായി കേന്ദ്രസർക്കാർ വ്യാഖ്യാനിക്കുകയാണെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് രാജ്യത്തെ തൊഴിലാളി യൂണിയനുകൾ സമരങ്ങളിലും പോരാട്ടങ്ങളിലുംകൂടി നേടിയെടുത്ത തൊഴിൽ നിയമങ്ങളുൾപ്പെടെയാണ് ബിജെപി സർക്കാർ റദ്ദ് ചെയ്തത്.
1926ൽ നിലവിൽ വന്ന ട്രേഡ് യൂണിയൻ ആക്ടാണ് ഇന്ത്യയിൽ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനം. ട്രേഡ് യൂണിയൻ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ലേബർ ഓഫീസർമാരും ലേബർ കോടതികളും എല്ലാം നിലവിൽ വന്നത്. സംഘടിത, അസംഘടിത മേഖലകളിൽ ഏഴു തൊഴിലാളികൾ ഒന്നിച്ചുകൂടി ടേഡ് യൂണിയൻ രജിസ്റ്റർ ചെയ്യാൻ ലേബർ ഓഫീസർക്ക് അപേക്ഷ നൽകിയാൽ യൂണിയൻ നിയമപരമായി രൂപീകരിക്കാൻ കഴിയുമായിരുന്നു.
ജോലിസമയം എട്ടുമണിക്കൂറായി നിയമപ്രകാരം നിജപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങളിലും തുടർന്ന് സ്വതന്ത്ര ഭാരതത്തിലും തൊഴിലാളിക്ഷേമം മുൻനിർത്തി പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ ഉൾപ്പെടെ 44 നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഭരണഘടനയുടെ പൊതുപട്ടികയിലാണ് തൊഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ വിവിധ സംസ്ഥാന നിയമസഭകളും ഇതോടൊപ്പം കൂടുതൽ തൊഴിൽ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.
44 തൊഴിൽ നിയമങ്ങളിൽ ഉൾപ്പെട്ട അടിസ്ഥാന തൊഴിൽ നിയമങ്ങളായ ട്രേഡ് യൂണിയൻ ആക്ടിനോടൊപ്പം വ്യവസായ തർക്ക നിയമം, മിനിമം വേജസ് ആക്ട്, ഗ്രാറ്റുവിറ്റി ആക്ട് ബോണസ് ആക്ട്, ഫാക്ടറീസ് ആക്ട് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് തുടങ്ങി 29 അടിസ്ഥാന നിയമങ്ങൾ റദ്ദ് ചെയ്തുകൊണ് വേതന കോഡ്, തൊഴിൽ സുരക്ഷ കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹ്യ സുരക്ഷ കോഡ് എന്നീനാലു ലേബർ കോഡുകൾ പാർലമെന്റ് പാസാക്കിയത്.
2020 സെപ്റ്റംബറിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യാതെയാണ് ലേബർ കോഡുകൾ പാസാക്കിയെടുത്തത്. ലേബർ കോഡുകൾ നിലവിൽ വന്നാൽ പുതിയ യൂണിയൻ രൂപീകരിക്കാൻ ഏഴു തൊഴിലാളികൾ എന്നതിന് പകരം 100 തൊഴിലാളികൾ അല്ലെങ്കിൽ വ്യവസായത്തിലെ പത്തുശതമാനം തൊഴിലാളികൾ ഉണ്ടാകണം. 300ൽ കുറഞ്ഞ തൊഴിലാളികൾ ജോലിചെയ്തുവരുന്ന സ്ഥാപനങ്ങൾ ഗവൺമെന്റിന്റെ അനുമതിപോലും ഇല്ലാതെ അടച്ചുപൂട്ടുന്നതിനും തൊഴിൽ നിയമങ്ങളുടെ പുറത്തുപോകുന്നതിനും മുതലാളിമാർക്ക് അവകാശം നൽകുന്നു.
സ്ഥിരം തൊഴിൽ എന്നത് പൂർണമായും ഇല്ലാതാവുകയും കരാർ നിയമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ കോഡുകൾ. ചാരിറ്റബിൾ മേഖലയിൽ രജിസ്റ്റർ ചെയ്ത വ്യവസായങ്ങൾക്ക് തൊഴിൽ നിയമങ്ങൾ ബാധകമല്ലാതാകും. നിലവിലെ തൊഴിൽ നിയമങ്ങളിലെ കടമ്പകൾ ഒഴിവാക്കി തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാക്കി.14 ദിവസത്തെ സമര നോട്ടീസ് വേണമെന്ന് മാത്രമല്ല ചർച്ചകൾ നടക്കുന്ന കാലത്ത് സമരം പാടില്ല. വ്യവസ്ഥ ലംഘിച്ചാൽ 50,000 രൂപ പിഴയും ഒരു മാസം തടവും ശിക്ഷ.
ഇന്ത്യയിൽ നിലനിന്ന ത്രികക്ഷി സംവിധാനത്തെ പാടേ ഇല്ലാതാക്കിയാണ് കേന്ദ്രസർക്കാർ ലേബർ കോഡുമായി മുന്നോട്ട് പോകുന്നത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം 2015ൽ ഒരു തവണ മാത്രമാണ് ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർത്തത്.
പത്തു വർഷത്തിന് ശേഷം ലേബർകോഡുകൾ ഏകപക്ഷീയമായി നിലവിൽ വന്നതായിട്ടാണ് പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. ഇത് രാജ്യത്തെ ജനങ്ങളോടും തൊഴിലാളികളോടും നടത്തുന്ന വെല്ലുവിളിയാണ്. കോർപറേറ്റ് മുതലാളിമാർക്കുവേണ്ടി കേന്ദ്രസർക്കാർ നടത്തുന്ന ഈ വെല്ലുവിളി ഏറ്റെടുക്കാൻ രാജ്യത്തെ ജനങ്ങളാകെ പ്രതിഷേധിക്കണമെന്നും അഡ്വ. വി.ബി. ബിനു പറഞ്ഞു.