ന്യൂയോർക്ക്: ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ നേട്ടം.
തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റിബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിമാണ് 34കാരനായ സൊഹ്റാൻ മംദാനി.
അതേസമയം, മംദാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ വിജയം തിരിച്ചടിയായി. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിന് വിപത്തുണ്ടാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.