വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഇതിൽ ഒന്നാം ഘട്ടമെന്ന നിലയിൽ ഗ്രൗണ്ട് ഫ്ലോറിന്റെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. കാഷ്വാലിറ്റി വിഭാഗം, ഫാർമസി, നഴ്സ് സ്റ്റേഷൻ, ട്രീറ്റ്മെന്റ്-ഇൻജെക്ഷൻ റൂമുകൾ എന്നിവ ഗ്രൗണ്ട് ഫ്ലോറിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോൾഡ് ചെയിൻ റൂം, വിവിധ കൺസൾട്ടേഷൻ റൂമുകൾ, വിശാലമായ വെയിറ്റിംഗ് ഏരിയകൾ, ശുചിമുറികൾ, ഫാർമസി സ്റ്റോറുകൾ എന്നിവയും ഇതിന്റെ ഭാഗമാണ്. 76.82 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ട് സ്റ്റെയർ റൂമുകളും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശോഭന ജയപ്രകാശ് അധ്യക്ഷത വഹിച്ചു.