ബന്തടുക്ക: വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയിൽ അനുവദിച്ച ആദ്യ ഫോറസ്റ്റ് സ്റ്റേഷൻ ബന്തടുക്ക കേന്ദ്രമായി പ്രവർത്തിക്കും. നിലവിൽ ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന പാണ്ടിയിലായിരിക്കും ഫോറസ്റ്റ് സ്റ്റേഷന്റെ ആസ്ഥാനമെന്നാണ് സൂചന.
കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബന്തടുക്ക, പരപ്പ ഫോറസ്റ്റ് സെക്ഷനുകളാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ നേരിട്ട് ഉൾപ്പെടാൻ സാധ്യത. ഈ രണ്ടിടങ്ങളിലായി രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുള്ളത് ഫോറസ്റ്റ് സ്റ്റേഷൻ വരുന്നതോടെ ഇത് നാലായി ഉയരും. ഇതിനു പുറമേ ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, 10 മുതൽ 15 വരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ബീറ്റ് അസിസ്റ്റന്റുമാർ, ഡ്രൈവർമാർ എന്നിങ്ങനെയാണ് ഫോറസ്റ്റ് സ്റ്റേഷനുകളിൽ സാധാരണ ഉണ്ടാകാറുള്ളത്.
നിലവിൽ കേവലം ആറു ജീവനക്കാരാണ് ബന്തടുക്ക സെക്ഷനിലുള്ളത്. ഫോറസ്റ്റ് സ്റ്റേഷൻ വരുന്നതോടെ ഇത് ഇരുപതിലേറെയായി ഉയരും. കൂടുതൽ വാഹനങ്ങൾ, സെർച്ച് ലൈറ്റുകളും കാമറകളുമടക്കമുള്ള ഉപകരണങ്ങൾ, കൂട് തുടങ്ങിയവയും ലഭിക്കും. ഇതോടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ ജീവനക്കാരോ സംവിധാനങ്ങളോ ജില്ലയിലെ വനംവകുപ്പിനില്ലെന്ന പരാതിക്ക് കുറച്ചെങ്കിലും പരിഹാരമാകും.
ദേലംപാടിയിലെ പുലിപ്പറമ്പ് വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജവേലിയുടെ പരിപാലനവും പുതിയ ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയിലാകും.
ഇപ്പോൾ താത്കാലിക ജീവനക്കാരെ നിയോഗിച്ചിരിക്കുന്നതിന്റെ സ്ഥാനത്ത് 24 മണിക്കൂറും വനംവകുപ്പ് ജീവനക്കാരുടെ നേരിട്ടുള്ള നിരീക്ഷണം ഉറപ്പുവരുത്താൻ കഴിയും. ഈ മേഖലയിൽ വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്നതും ഫോറസ്റ്റ് സ്റ്റേഷനിലായിരിക്കും.
നിലവിൽ ജില്ലയിലെ ആർആർടിയുടെ ആസ്ഥാനം പ്രവർത്തിക്കുന്ന ബോവിക്കാനത്ത് ഒരു ഫോറസ്റ്റ് വെറ്ററിനറി യൂണിറ്റ് കൂടി അനുവദിക്കണമെന്ന ആവശ്യം സജീവമായുണ്ട്. അതുകൂടി വന്നാൽ നാട്ടിലിറങ്ങുകയോ കെണിയിൽ കുടുങ്ങുകയോ ചെയ്യുന്ന വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിനും സുരക്ഷിതമായി പിടികൂടുന്നതിനും ചികിത്സ നൽകുന്നതിനുമുള്ള സൗകര്യം കൂടിയുണ്ടാകും.
ജില്ലയിൽ ബന്തടുക്ക, ബോവിക്കാനം, പനത്തടി, ഭീമനടി എന്നിങ്ങനെ നാലിടങ്ങളിലാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങാൻ വനംവകുപ്പ് സർക്കാരിലേക്ക് ശുപാർശ ചെയ്തിരുന്നത്. ഇതിന്റെ ആദ്യപടിയായാണ് ബന്തടുകയിൽ സ്റ്റേഷൻ അനുവദിച്ചത്.