പാരീസ്: വലതുപക്ഷ പ്രവർത്തകനായ വിദ്യാർഥി കൊല്ലപ്പെട്ടതിൽ തലസ്ഥാനമായ പാരീസ് ഉൾപ്പെടെ ഫ്രാൻസിലെങ്ങും പ്രതിഷേധം.
ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസ് വിദ്യാർഥി 23കാരനായ ക്വന്റിൻ ദെരാൻഖ് ആണ് ഒരുസംഘം മുഖംമൂടിധാരികളുടെ മർദനമേറ്റു മരിച്ചത്.
കൊലപാതകത്തിനു പിന്നിൽ തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്ലാമിസ്റ്റുകളുമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഫാസിസ്റ്റ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂട്ടർ തിയറി ദ്രാൻ അറിയിച്ചു. പലസ്തീൻ വംശജയും യൂറോപ്യൻ പാർലമെന്റംഗവുമായ റിമ ഹസനെ പങ്കെടുപ്പിച്ച് കഴിഞ്ഞ വ്യാഴാഴ്ച ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസിൽ ഒരു കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരേ കുടിയേറ്റ വിരുദ്ധ സംഘടനയായ നെമെസിസ് കളക്ടീവ് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിനുശേഷമാണ് ക്വന്റിൻ ദെരാൻഖിനുനേരേ ആക്രമണമുണ്ടായത്.