ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യയിൽ സൈനികവിന്യാസം ശക്തിപ്പെടുത്തുന്നതിനിടെ സുപ്രധാന എണ്ണക്കടത്തുപാതയിലെ ഹോർമുസ് കടലിടുക്കിൽ നാവികാഭ്യാസവുമായി ഇറാൻ. വിപ്ലവഗാർഡിന്റെ നാവിക വിഭാഗം ഇന്നും നാളെയുമായി അഭ്യാസം നടത്തുമെന്നാണ് അറിയിപ്പ്.
ഇതിനെതിരേ അമേരിക്കൻ സേന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാന്റെ നാവികാഭ്യാസം സുരക്ഷിതമായി, പ്രഫഷണൽ രീതിയിൽ, അനാവശ്യ റിസ്കുകൾ ഒഴിവാക്കിയായിരിക്കണമെന്ന് അമേരിക്കൻ സേന പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു മുകളിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും ആയുധാഭ്യാസം നടത്തുന്നതും യുദ്ധക്കപ്പലുകൾക്കു നേർക്ക് ബോട്ടുകൾ പായിക്കുന്നതും സഹിക്കില്ലെന്ന് സേന മുന്നറിയിപ്പു നല്കി.
ഇതിനിടെ, അമേരിക്കയും പശ്ചിമേഷ്യയിൽ വ്യോമാഭ്യാസം നടത്തുന്നുണ്ട്. യുദ്ധവിമാനങ്ങൾ ത്വരിതഗതിയിൽ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശീലിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കയുടെ അടുത്ത ആക്രമണം കൂടുതൽ മാരകമായിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് ഹോർമുസിൽ നാവികാഭ്യാസം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ പുറംലോകത്തെത്തുന്നത് ഹോർമുസിലൂടെയാണ്. ചൈന, റഷ്യ രാജ്യങ്ങളുമായി ചേർന്ന് ഇറാൻ വരും ദിവസങ്ങൾ കൂടുതൽ സൈനികാഭ്യാസങ്ങൾ നടത്തുമെന്നും സൂചനയുണ്ട്.
ലാറിജാനി റഷ്യയിൽ
മോസ്കോ: ഇറേനിയൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യുടെ വിശ്വസ്തനുമായ അലി ലാറിജാനി റഷ്യയിലെത്തി പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി.
ഉഭയകക്ഷി ബന്ധത്തിനു പുറമേ പ്രധാനപ്പെട്ട പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലീലി അറിയിച്ചു.