തുറവൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഉയര വ്യത്യാസമുള്ള ഭാഗത്ത് ചാടി നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിക്കു പിന്നിലിടിച്ചു. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അരുൺകുമാ(35)റിനെ തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമീക ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.
എറണാകുളത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസാണ് ഇന്നലെ പുലർച്ചെ അഞ്ചിന് അപകടത്തിൽപ്പെട്ടത്. തുറവൂർ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഉയരപ്പാതയുടെ താഴെ ദേശീയപാതയിൽ കുരുപ്പുകട്ട പാകിയ ഭാഗത്തിന് വടക്കു ഭാഗത്തുനിന്നുള്ള പാതയേക്കാൾ ഉയരക്കൂടുതലാണ്.
വേഗത്തിലെത്തിയ ബസ് ഉയർച്ചയിലേക്ക് ചാടിക്കയറിയപ്പോൾ നിയന്ത്രണം വിടുകയും പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. യാത്രക്കാർക്കു പരിക്കേറ്റില്ല. കഴിഞ്ഞ മാസം 10ന് ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ടിരുന്നു.