കൊച്ചി: ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന സിയാലിന്റെ എയ്റോ പാർക്ക് പദ്ധതി ഒരുങ്ങുന്നു. നെടുമ്പാശേരിയിൽ 36 ഏക്കർ സ്ഥലത്താണു പദ്ധതി നടപ്പാക്കുന്നത്.
ഏവിയേഷൻ, അനുബന്ധ കമ്പനികൾ, എയർക്രാഫ്റ്റ് ഹാംഗറുകൾ, എയർ ക്രാഫ്റ്റ് പാർക്കിംഗ് സൗകര്യം, ഏവിയേഷൻരംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതികസഹായ കേന്ദ്രങ്ങൾ എന്നിവ എയ്റോ പാർക്ക് പദ്ധതിയിലുണ്ടാകും.
30 കോടി രൂപ ചെലവിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററാണ് എയ്റോ പാർക്ക് പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമിച്ച ഈ അത്യാധുനിക കെട്ടിടം, ഒരു വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ടു പ്രവർത്തിക്കുന്ന രാജ്യത്തെതന്നെ അപൂർവമായ പ്രീമിയം കോ-വർക്കിംഗ് സ്പേസാണ്. 400ലധികം പേർക്ക് ഒരേസമയം ജോലി ചെയ്യാൻ സൗകര്യമുണ്ടാകും. മുപ്പതോ ളം കമ്പനികൾക്ക് ഒരേസമയം പ്രവർത്തിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി 15 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ടെക്നിക്കൽ സപ്പോർട്ട് സർവീസ് സെന്റർ എയ്റോ പാർക്കിൽ സജ്ജമാണ്. ഇതോടെ വിമാനത്താവളത്തിനുള്ളിലെ സാങ്കേതിക പരിപാലനരംഗത്ത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമാകും. വിമാനത്താവളത്തിലെ ആസ്തികളുടെ സംരക്ഷണം, മുൻകൂട്ടിയുള്ള അറ്റകുറ്റപ്പണികൾ, വാർഷിക മെയിന്റനൻസ് കരാറുകളുടെ ഏകോപനം, വെൻഡർമാരുടെ നിയന്ത്രണം എന്നിവയെല്ലാം ഇനി ഈ ഒരൊറ്റ ഹബ്ബിനു കീഴിലാകും.
അഗ്നിരക്ഷാസേനയുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി രണ്ടു കോടി രൂപ ചെലവിൽ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് (ബിഎ) ട്രെയിനിംഗ് ഗാലറി, 53,800 ചതുരശ്രയടി വിസ്തൃതിയിൽ സിയാലിലെ മൂന്നാമത്തെ കൂറ്റൻ ഹാംഗർ, രാജ്യത്ത് ആദ്യമായി ലൈവ്-ഫയർ ട്രെയിനിംഗ് ഫെസിലിറ്റി, വിമാനത്താവളത്തിനുള്ളിൽ അണ്ടർ വാട്ടർ റസ്ക്യു ട്രെയിനിംഗ് കേന്ദ്രം എന്നിവയും എയ്റോ പാർക്കിന്റെ ഭാഗമായുണ്ടാകും.
എയ്റോപാർക്ക് ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും എയ്റോ സിറ്റി എന്ന പദ്ധതിയുടെ മൂന്നാം ഘട്ടവും വരും വർഷങ്ങളിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.സിയാൽ എയ്റോ പാർക്കിന്റെ ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സിയാൽ ആഗോള നിലവാരത്തിലേക്ക്:എസ്. സുഹാസ്
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്ന ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിംഗ് സ്പേസായ സിഐഎഎസ്എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുകയെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
രാജ്യത്താദ്യമായി നടപ്പാക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി, കേരളത്തിലെ ആദ്യ കവേഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഹാംഗർ, അത്യാധുനിക അണ്ടർ വാട്ടർ റസ്ക്യു ട്രെയിനിംഗ് സെന്റർ എന്നിവ എയ്റോ പാർക്കിൽ സജ്ജമാകും. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സുരക്ഷാ പരിശീലനത്തിലും വിമാനത്താവളത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.