രാജാക്കാട്: സംസ്ഥാന സബ് ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മുല്ലക്കാനം സാൻജോ കോളേജ് സ്റ്റേഡിയത്തിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 14 ജില്ലകളിൽനിന്നുമുള്ള ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകൾ മത്സരിച്ചു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചെയർമാൻ ജോഷി കന്യാക്കുഴി, കൺവീനർ ബെന്നി പാലക്കാട്ട് എന്നിവർ നേതൃത്വം നൽകി. ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ലാ ടീം ഒന്നാം സ്ഥാനവും, പാലക്കാട് ജില്ലാ ടീം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ ടീം ഒന്നാം സ്ഥാനവും പാലക്കാട് ജില്ലാ ടീം രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം ദേശീയ കായികതാരം വി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സാൻജോ കോളജ് മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, രാജാക്കാട് എസ്എൻഡിപി ശാഖ പ്രസിഡന്റ് സാബു വാവലക്കാട്ട്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, സെക്രട്ടറി ഷാജി മോൻ, കായികാധ്യാപകൻ ജിജി ജോസ്, രാജാക്കാട് എസ്.ഐ. അഭിജിത്, പഞ്ചായത്തംഗങ്ങളായ ടി.കെ. സുജിത്, സാജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.