വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ ഇടതുപക്ഷ മെംബർമാരുടെ വാർഡുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ മെംബർമാരുടെ നേതൃത്വത്തിൽ ഉപവാസവും ബളാൽ, കൊന്നക്കാട് ടൗണുകളിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വികസന സെമിനാറിൽ അടക്കം അംഗീകരിച്ച പദ്ധതി വിഹിതങ്ങൾ ഒന്നും അംഗീകരിച്ചില്ലെന്നും തുക മാറ്റി വച്ചില്ലെന്നും പുതിയ ടാറിംഗ് ഒന്നിനും തുക അനുവദിച്ചില്ലെന്നും ആരോപിച്ചു.
ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ മെംബർമാർ പ്രതിഷേധം അറിയിക്കുകയും എഴുതി നൽകുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഉപവാസവും തുടർന്ന് ബളാൽ ടൗണിലും ടൗണിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. മെംബർമാരായ സനോജ് മാത്യു, ഷാജൻ പൈങ്ങോട്ട്, ശ്രീജ എന്നിവർ നേതൃത്വം നൽകി.
എന്നാൽ. ഇടത് മെംബർമാരുടെ വാർഡുകളിൽ ഫണ്ട് വിവേചനം കാണിച്ചെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. റോഡിന്റെ മേഖലയിൽ ചെലവഴിക്കാൻ പറ്റുന്നത് മെയിന്റനൻസ് ഗ്രാന്റ് റോഡ് ഫണ്ടാണ്. പത്താം വാർഡ് മുട്ടോംകടവിൽ എല്ലാ റോഡും കഴിഞ്ഞ തവണ റീടാർ ചെയ്തിരുന്നു
. ടാർ പൊളിഞ്ഞ സ്കൂളിന്റെ ഭാഗം റീ ടാർ ചെയ്യാൻ തുക വകയിരുത്തിയിട്ടുണ്ട്. ചെറിയ പാമത്തട്ട് റോഡിനും 10 ലക്ഷം അനുവദിച്ചു. പുതിയ ടാറിംഗിന് അത്യാവശ്യമുള്ള സ്ഥലത്ത് മാത്രമേ തുക അനുവദിച്ചിട്ടുള്ളു. എല്ലാ വാർഡുകളെയും ഒരേ പോലെ കണ്ടാണ് വികസനം നടത്തുന്നതെന്നും ഇപ്പോൾ നടക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു.