മംഗലംഡാം: പൊൻകണ്ടത്തിനടുത്ത് പൂതംകുഴിക്കു മുകളിലെ കടുവാപ്പാറ മേഖലയിൽ കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാകാതെ തുടരുകയാണ്. തീ തുടങ്ങി അഞ്ചാം ദിവസം പിന്നിട്ടു. തീ നിയന്ത്രിക്കാൻ വനപാലകസംഘങ്ങൾ രാപ്പകൽ അധ്വാനിക്കുന്നുണ്ടെങ്കിലും തീ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്.
യന്ത്രസഹായത്തോടെ കരിയിലകൾ മാറ്റി തീപടരുന്നതു തടയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ വലിയ മലകളിലേക്കും തീ കയറുന്നതിനാൽ എല്ലാം കൈവിട്ടുപോയ സ്ഥിതിയാണ്.
പൂതംകുഴി മലമുകളിൽ നിന്നാരംഭിച്ച തീ കടപ്പാറ, വെറ്റിലതോട്, വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടിഭാഗം എന്നിവിടങ്ങളിലാണ് പടർന്നുകൊണ്ടിരിക്കുന്നത്. പകൽസമയം കാട്ടുതീയുടെ ഭീകരത അത്ര ദൃശ്യമാകില്ല. എന്നാൽ രാത്രിയിൽ മലകളിലെ തീ വലിയ തീഗോളങ്ങളായാണ് ദൂരസ്ഥലങ്ങളിലേക്ക് വരെ കാണപ്പെടുന്നത്. അഞ്ഞൂറിലേറെ ഏക്കർ വനപ്രദേശം ഇതിനകം അഗ്നിക്കിരയായി കഴിഞ്ഞു. പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിയാത്ത ജീവജാലങ്ങളെല്ലാം കത്തിയമർന്നു. തീപിടിച്ച് വൻ മരങ്ങൾ പൊട്ടിത്തെറിക്കുന്നതിന്റെയും വീഴുന്നതിന്റെയും ശബ്ദം ഏറെ അകലേക്ക് വരെ കേൾക്കാം.തടിയ്ക്ക് തീപിടിച്ചാൽ അത് കൂടുതൽ ദിവസം കത്തി കൊണ്ടിരിക്കും.
പല ഭാഗത്തും തീ ഇല്ലാതായിട്ടുണ്ടെന്നും നിയന്ത്രണ വിധേയവുമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വലിയൊരു പ്രദേശം കത്തി ചാമ്പലായതിനാൽ തീറ്റക്കും വെള്ളത്തിനുമായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വരുംദിവസങ്ങളിൽ കൂടുതലാകുമെന്ന ഭീതി ജനങ്ങൾക്കുണ്ട്.