റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.
ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്‍റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്‍റ്നറുടെ ഇന്നിംഗ്സ്.
26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.