കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിലെ പടാകുളം ജംഗ്ഷൻ സർവീസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് വനിത പൊലീസ് ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസായ രജിനി ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്.
എറിയാട് മഞ്ഞനപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികന് തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. രജനി പറവൂരിൽ നിന്നും ജോലിക്കായി കൊടുങ്ങല്ലൂർ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൻ വരുമ്പോഴായിരുന്നു അപകടം. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയിരുന്നു.
റോഡ് നിർമാണ കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാർ ടാർ ചെയ്യുന്നതിന് മുമ്പായി ഒരു കിലോമീറ്ററോളം ദൂരം റോഡിൽ ഓയിൽ ഒഴിച്ചതിനെ തുടർന്നാണ് അപകടം.ഓയിൽ ഒഴിച്ചതിനിടയിൽ മഴ വന്നതോടെ ടാർ ചെയ്യാൻ കഴിയാതിരുന്നതാണ് തെന്നിവീഴാൻ കാരണമെന്നാണ് വിശദീകരണം. സംഭവത്തെ തുടർന്ന് ബൈപാസിലെ കിഴക്ക് സർവീസ് റോഡ് അടച്ചു. അപകടസാധ്യത അറിയാതെ ഇതുവഴി വന്ന ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് നഗരസഭ അധ്യക്ഷ ഹണിപീതാംബരൻ കരാർ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ സൗകര്യങ്ങളും നഷ്ടപരിഹാരവും നൽകാമെന്ന് ഉറപ്പുനൽകി.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായവും നഷ്ടപരിഹാരവും നൽകണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവനും ആവശ്യപ്പെട്ടു.