മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും തെരഞ്ഞെടുപ്പ് ആരവം. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിന് പുറമെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടുകെട്ടാണ് മാഹിയെ പുതുച്ചേരിയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. പുതുച്ചേരിയിൽ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയിലാണ് സിപിഎം. എന്നാൽ, മാഹിയിൽ സിപിഎം കോൺഗ്രസിനെതിരെയാണ് മത്സരിക്കുക.
മാഹിയിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസിന്റെ വാർഡുതല പ്രവർത്തകരുടെ കുടുംബ കൂട്ടായ്മയുടെ യോഗങ്ങൾ ആരംഭിച്ചു. കേരളത്തിൽനിന്നുള്ള നേതാക്കന്മാരാണ് കോൺഗ്രസ് പ്രവർത്തകർക്ക് ക്ലാസെടുക്കുന്നത്. പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് ബിജെപി. എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മാഹിയിൽ വാഹനത്തിൽ പ്രചാരണം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മാഹി മുനിസിപ്പൽ മൈതാനത്ത് സിപിഎം രാപ്പകൽ സമരം നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു.
പുതുച്ചേരിയിൽ 30 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മാഹിയിൽ ഒരു മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ്. എൻആർ കോൺഗ്രസിലെ എൻ. രംഗസാമിയാണ് പുതുച്ചേരി മുഖ്യമന്ത്രി. എൻആർ കോൺഗ്രസിന് പത്തും ബിജെപിക്ക് ആറും എംഎൽഎമാരുമാണുള്ളത്. കോൺഗ്രസ് -ഡിഎംകെ സഖ്യത്തിൽ ആകെ എട്ടുസീറ്റുകളാണുള്ളത്. ബാക്കി സ്വതന്ത്രർ. മാഹി മണ്ഡലത്തിൽ കോൺഗ്രസിലെ രമേശ് പറമ്പത്താണ് നിലവിൽ എംഎൽഎ. രമേശ് പറമ്പത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയിലുള്ളത്.
2016 ൽ സിപിഎം സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രൻ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഇ. വത്സരാജിനെ 200 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ പന്തക്കലിലെ എൻ. ഹരിദാസൻ മാസ്റ്ററെ 300 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസിലെ രമേശ് പറമ്പത്ത് എംഎൽഎയായി. സിപിഎം ഇക്കുറിയും സ്വതന്ത്ര സ്ഥാനാർഥിയെ മത്സരരംഗത്ത് ഇറക്കുമെന്ന സൂചനയുണ്ട്. അതേസമയം പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന കക്ഷിയായ ബിജെപി ശുഭ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽനിന്ന് 7500 വോട്ടുകൾ ബിജെപി ക്ക് കൂടുതൽ ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന നേതാവ് മാഹിയിലെ അങ്ക വളപ്പിൽ ദിനേശൻ, അഡ്വ. അശോകൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.