ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.