വടക്കഞ്ചേരി: ഒരുമാസത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പു നടക്കുമ്പോൾ മൂന്നു മുന്നണികളും എന്തെന്നില്ലാത്ത പ്രതീക്ഷയിലാണ് വടക്കഞ്ചേരി മേഖലയിലെ പഞ്ചായത്തുകളിൽ പ്രകടിപ്പിക്കുന്നത്.
വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് എന്നീ അഞ്ചു പഞ്ചായത്തുകളിലും ഭരണ തുടർച്ചയല്ലാതെ മറ്റു അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു എൽഡിഎഫ് നേതൃത്വം പറയുമ്പോൾ വിസ്മയ വിജയത്തോടെ പഞ്ചായത്തുകളിലെല്ലാം ഭരണമാറ്റം സംഭവിക്കുമെന്നു യുഡിഎഫും വിലയിരുത്തുന്നു. പ്രമുഖ മുന്നണികളെ ഞെട്ടിപ്പിച്ചുള്ള തെരഞ്ഞെടുപ്പു ഫലമുണ്ടാകുമെന്ന് ബിജെപി നേതാക്കളും ആവർത്തിക്കുന്നുണ്ട്. പാർട്ടിയിലെ പ്രമുഖരെയാണ് പഞ്ചായത്തുകളിലെല്ലാം സ്ഥാനാർഥികളാക്കിയിട്ടുള്ളത്.
ഇതുവഴി വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങളും വാർഡുകളിലുണ്ടായി. ശബരിമലയിലെ സ്വർണകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും മറ്റു രാഷ്ട്രീയമായ ഏറെ അനുകൂല ഘടകങ്ങളും ഭരണതുടർച്ച മൂലമുള്ള നാട്ടിലെ വികസനമുരടിപ്പുകളും അക്രമരാഷ്ട്രീയവും അധികാരരാഷ്ട്രീയം വഴി ജനജീവിതം ദുഃസഹമായ സ്ഥിതിയുമെല്ലാം ഭരണമാറ്റത്തിനുള്ള കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
എന്നാൽ വികസനതുടർച്ചയിൽ എല്ലാ വാർഡിലും വമ്പൻ ഭൂരിപക്ഷമാകും ഇക്കുറിയെന്നു എൽഡിഎഫ് നേതൃത്വം തിരിച്ചടിക്കുകയാണ്.
പ്രമുഖ മുന്നണികളെ ഞെട്ടിപ്പിച്ചിട്ടുള്ള ഫലപ്രഖ്യാപനങ്ങളാകും ഇക്കുറി പഞ്ചായത്തുകളിൽനിന്നും ഉയരുകയെന്ന് ബിജെപിയും വാദമുന്നയിക്കുന്നുണ്ട്. വടക്കഞ്ചേരിയിലും കിഴക്കഞ്ചേരിയിലുമായി സിപിഎമ്മിലെ മുൻപ്രമുഖരാണ് ഇക്കുറി സിപിഎമ്മിനെതിരേ യുഡിഎഫിനൊപ്പംനിന്ന് മത്സരരംഗത്തുള്ളത്.
ഇത്തരത്തിൽ സിപിഎമ്മിലെ പ്രമുഖരെല്ലാം യുഡിഎഫിനൊപ്പം നിൽക്കുന്നത് അനുകൂല ഘടകങ്ങളാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കുത്തക മണ്ഡലങ്ങളിൽ തുടരുന്ന വികസനമുരടിപ്പു തിരിച്ചറിഞ്ഞ് ജനം വോട്ടു ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ ചുവപ്പു കോട്ടകൾക്ക് യാതൊരു പോറലുമേൽക്കാതെ കടുംചുവപ്പിൽ ഇക്കുറിയും തിളങ്ങി നിൽക്കുമെന്ന് എൽഡിഎഫ് പറയുന്നു. ഫലപ്രഖ്യാപനം വരെ സ്വപ്നം കാണുന്നതിൽ തെറ്റില്ലെന്നും യാഥാർഥ്യമാണ് തങ്ങൾ പറയുന്നതെന്നും എൽഡിഎഫ് നേതൃത്വം പറഞ്ഞു.
എന്നാൽ മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും തങ്ങളുടെ ശക്തി തെളിയിക്കുന്നതാകും ഈ തെരഞ്ഞെടുപ്പു ഫലമെന്നാണ് ബിജെപി നേതൃത്വം പറയുന്നു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി ശക്തമായ പ്രതിപക്ഷമാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്.
നിലവിലെ സ്ഥിതിപോലെ പ്രതിപക്ഷമില്ലാതെ ബ്ലോക്ക് പഞ്ചായത്തിൽ ഭരിക്കാൻ ഇക്കുറി എൽഡിഎഫിനാകില്ലെന്നു യുഡിഎഫ് നേതൃത്വം ഉറപ്പിച്ചു പറയുന്നു. 15 ഡിവിഷനുകളായിരുന്നത് ഇപ്പോൾ പതിനേഴായി ഉയർന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്തില കിഴക്കഞ്ചേരി , തരൂർ എന്നീ ഡിവിഷനുകളിലും മിന്നും പ്രകടനമുണ്ടാകുമെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആത്മവിശ്വാസം.