ആലപ്പുഴ: കളക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യാധികാര വാഴ്ചക്കെതിരേ ജനാധികാര മുന്നേറ്റം എന്ന മുദ്രവാക്യം ഉയർത്തിയും കേരള സർക്കാർ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടും മുഖ്യസത്യാഗ്രഹികളായ ബി. ആർ. കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ലത കൈമൾ കരുമാടി, ഉമ്മൻ ജെ. മേടാരം എന്നിവർ 561 ദിവസങ്ങളിലായി നടത്തി വരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിൻ്റെ താത്കാലിക സമാപനം കുറിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് സമരത്തിന്റെ സമാപന പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിക്കും. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും.
ബിഷപ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസ് സത്യഗ്രഹികളെ ആദരിക്കും നാടാകെ മദ്യം ഒഴുക്കി കുടുംബം തകർക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ മദ്യനയം ജനങ്ങളിൽ എത്തിക്കുന്നതിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥയും ഭവനസന്ദർശന പരിപാടികളുമായി സർക്കാരിന്റെ മദ്യനയത്തിനെതിരേ സമരം തുടരുമെന്ന് ബി.ആർ. കൈമൾ കരുമാടി പറഞ്ഞു.