തൃശൂർ: ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായ ഹസൻ അനസുമായി ബന്ധമില്ലെന്നും തന്റെ പിഎയായി ഇയാൾ പ്രവർത്തിച്ചിട്ടില്ലെന്നും ഹാരീസ് ബീരാൻ എംപി. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് ഇയാൾ പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ പദവി നൽകിയിരുന്നില്ലെന്നും എംപിയുടെ ഓഫീസ് അറിയിച്ചു.
മാവിൻചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസി (25)നെ പെരുമ്പാവൂർ പോലീസാണ് പിടികൂടിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്. ഇയാളുടെ അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും രൂപ വന്നിട്ടുള്ളത്. അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സൈബർ തട്ടിപ്പ് നടത്തിയതായാണ് പോലീസ് കണ്ടെത്തൽ.