സ്വർഗീയ ഫലം എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവർഗമാണ് കൈതച്ചക്ക. 1493ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറംലോകമറിയുന്നത്.
ബ്രസീലിന്റെ തെക്കുവടക്ക് ഭാഗങ്ങളിലും വടക്കൻ അർജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രനിഗമനം. 550കളിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിലേക്കു കൈതച്ചക്ക എത്തിച്ചത്.
രണ്ടു പതിറ്റാണ്ടായി കേരളത്തിൽ കൈത കൃഷിക്ക് പ്രചാരമേറുകയാണ്. നിലവിൽ സംസ്ഥാനത്ത് അറുപതിനായിരം ഹെക്ടറിൽ കൈതകൃഷിയുണ്ട്. ഓരോ വർഷവും ആറു ലക്ഷം ടണ് പൈനാപ്പിൾ വിളയിക്കുന്നതിലൂടെ ഇപ്പോൾ വരുമാനം വരുമാനം രണ്ടായിരം കോടി രൂപ.
പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിൾ പെരുമ വണ്ടികയറുന്നത്. ഭൗമസൂചകാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിളിന്റെ മണവും രുചിയും വലിപ്പവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
പ്രാദേശിക വിപണിക്കു പുറമേ വടക്കേ ഇന്ത്യയാണ് പൈനാപ്പിളിന്റെ പ്രധാന വിൽപനകേന്ദ്രം. എ, ബി, സി, ഡി എന്നീ ഗ്രേഡുകളിലാണ് വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡ്. 600 ഗ്രാം മുതൽ ഒരു കിലോവരെ ബി ഗ്രേഡും അതിനുതാഴെ സി, ഡി ഗ്രേഡുകളും.
ഗ്രേഡ് അനുസരിച്ചാണ് വില. ഏക്കറിന് ഒൻപതിനായിരം തൈകളാണ് നടുക. 12 ടണ്വരെ വിളവു കിട്ടും. ഒന്നാം വർഷം മുതൽ വിളവെടുക്കാം. നട്ടാൽ മൂന്നുവർഷം വരെ തുടരെ വിളവെടുക്കാം.
പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. ഇന്ത്യൻ മാർക്കറ്റിലേക്കുപോലും ആവശ്യത്തിന് പൈനാപ്പിൾ നൽകാൻ നിലവിൽ സാധിക്കുന്നില്ല.
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗവും പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിൾ കയറ്റി അയച്ചത്.
കപ്പലിൽ ചെലവ് കിലോ 20 രൂപ മാത്രം. പരീക്ഷണം വിജയിച്ചാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
ക്യൂൻ എന്നറിയപ്പെടുന്ന ക്യൂ ഇനവും മൗറീഷ്യസ് ഇനവുമാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഒരു ചെടിയിൽനിന്ന് ഒന്നാം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്ന് പിന്നീടും വിളവെടുക്കാം.
ഇത്തരത്തിൽ പരമാവധി മൂന്ന് വർഷംവരെ വിളവ് ലഭിക്കും. അത്യുൽപാദനശേഷിയുള്ള എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ഒരു വിഭാഗം കർഷകർ മാറിയിട്ടുണ്ട്. ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലാം വിശേഷണമുള്ള എംഡി 2 വിന് പെനാപ്പിൾ വിപണിയിൽ വലിയ മൂല്യമുണ്ട്.
മൗറീഷ്യസ് ഇനം പാകമായാൽ അപ്പോൾതന്നെ വിളവെടുക്കണം. വിപണി അനുകൂലമല്ലെങ്കിൽ നഷ്ടം വരുത്തും. ഇത് വരുമാനത്തെയും കയറ്റുമതിയെയും ബാധിക്കും.
മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാൽ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്നതാണ് നേട്ടം. സിലിണ്ട ർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്.
മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി ചെത്തി നീക്കേണ്ടിവരും. എഡി 2വിന് അതു കുറവയതിനാൽ തൊലി നീക്കുന്പോൾ നഷ്ടം 30 ശതമാനം വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 ഏറെ മെച്ചവുമാണ്.
മൗറീഷ്യസ് ഇനം കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസം വരെയെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
അതേസമയം എംഡി 2 കൃഷി വ്യാപകമായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകും. മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നത്. എന്നാൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000-25,000 വരെ തൈകൾ നടാം. അത്തരത്തിൽ ഉൽപാദനവും ഇരട്ടിയാകും.