ന്യൂഡൽഹി: മഹാത്മാഗാന്ധി തന്റെ കുടുംബത്തിൽനിന്നുള്ള ആളല്ലെന്നും എന്നാൽ അദ്ദേഹം ഒരു കുടുംബാംഗത്തെ പോലെയാണെന്നും രാജ്യം മുഴുവനുമുള്ള വികാരമാണിതെന്നും പ്രിയങ്ക ഗാന്ധി എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നതിനുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
ആരുടെയെങ്കിലും വ്യക്തിഗതമായ താത്പര്യം, അഭിലാഷം, മുൻവിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കരുതെന്നും സഭയുടെ ഉപദേശം സ്വീകരിക്കാതെയും ചർച്ച ചെയ്യാതെയും ബില്ല് തിടുക്കത്തിൽ പാസാക്കരുതെന്നും പ്രിയങ്ക അഭ്യർഥിച്ചു. ബില്ല് തിരിച്ചെടുത്ത് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.