കേരളത്തിന്റെ വ്യവസായചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്.
നിക്ഷേപകസംഗമത്തിനു ശേഷം 10 മാസം പൂർത്തിയാകുമ്പോൾ മറ്റൊരു ചരിത്രംകൂടി എഴുതിച്ചേർക്കപ്പെടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനങ്ങൾ യഥാർഥ നിക്ഷേപങ്ങളാകുന്നതിലെ വേഗം ഇപ്പോഴിതാ പുതിയൊരു റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു. താത്പര്യപത്രങ്ങൾ നിക്ഷേപങ്ങളാകുന്നതിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന പരിവർത്തന നിരക്കാണ് കേരളത്തിൽ ഇതിനകം രേഖപ്പെടുത്തിയത്. നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16 ശതമാനം യഥാർഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താൽ 37 ശതമാനമാണ് പരിവർത്തന നിരക്ക്.
സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ വൻ വിജയമായിരുന്നു ഐകെജിഎസ് എന്ന് പിന്നിട്ട പത്ത് മാസങ്ങൾ തെളിയിക്കുന്നു. 449 താത്പര്യപത്രങ്ങളാണ് ഐകെജിഎസിൽ ഒപ്പുവച്ചത്. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താത്പര്യ പത്രങ്ങൾ സംസ്ഥാനത്തിനു ലഭിച്ചു. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിൽ അവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.
ടൂറിസം, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണം, ഐടി / ഐടി അധിഷ്ഠിത വ്യവസായങ്ങൾ, മരാധിഷ്ഠിത വ്യവസായങ്ങൾ, റബർ ഉത്പന്നങ്ങളുടെ നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, ആയുർവേദ & വെൽനെസ് തുടങ്ങിയ മേഖലകളിലാണ്, മേൽപ്പറഞ്ഞ നിക്ഷേപതാത്പര്യ പത്രങ്ങളിൽ അധികവും ഒപ്പുവച്ചത്.
ലോകോത്തര ബ്രാൻഡുകൾ മുതൽ കേരളത്തിന്റെ സ്വന്തം കമ്പനികൾ വരെ നിക്ഷേപ താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിനിതു പുതിയ അനുഭവമാണ്. നിക്ഷേപസൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശനിക്ഷേപ പദ്ധതികൾ ഉൾപ്പെടെ ഇങ്ങോട്ടെത്തിയത്. ഇതിനകം നിർമാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്.
അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്എഫ്ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടിഎംടി പ്ലാന്റ്, കെജിഎ ഇന്റർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ല്യുജിഎച്ച് ഹോട്ടൽസ്, ജേക്കബ് ആൻഡ് റിച്ചാർഡ് തുടങ്ങിയ സംരംഭങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു.
എൻഡിആർ സ്പെയ്സിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. 278 പദ്ധതികൾക്ക് ഭൂമി അനുവദിച്ചുകഴിഞ്ഞു. സെമികണ്ടക്ടർ ഉൾപ്പെടെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് രംഗത്തെ പ്രധാന കമ്പനിയായ കെയ്ൻസിനും പെരുമ്പാവൂരിൽ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കപ്പെട്ട മറ്റ് നിക്ഷേപ പദ്ധതികളും ഉടനെ നിർമാണം തുടങ്ങും.
താത്പര്യപത്രങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും യഥാർഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലാണ് സർക്കാർ അടിയന്തരശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി നിക്ഷേപമൂല്യത്തിന്റെ അടിസ്ഥാനത്തിൽ താത്പര്യപത്രങ്ങളെ തരംതിരിച്ചു. കെഎസ്ഐഡിസി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ എജൻസികൾക്കായിരുന്നു ഇവ നടപ്പിലാക്കാനുള്ള ചുമതല.
വിവിധ അനുമതികളുൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകി. വിവിധ തലങ്ങളിലും കൃത്യമായ ഇടവേളകളിലും പദ്ധതി അവലോകനം നടത്തുന്നതിന് മേൽനോട്ട സംവിധാനവും ഒരുക്കി.100 കോടി വരെ മൂല്യമുള്ള നിക്ഷേപതാത്പര്യ പത്രങ്ങൾ വ്യവസായ-വാണിജ്യ ഡയറക്ടററേറ്റിലൂടെ മോണിറ്റർ ചെയ്തു.
100 കോടിയും അതിനു മുകളിലും വരുന്ന നിക്ഷേപ താത്പര്യ പത്രങ്ങളുടെ നോഡൽ ഏജൻസിയായി കെഎസ്ഐഡിസിയാണ് പ്രവർത്തിക്കുന്നത്. വ്യവസായ പാർക്കുകളിലും മറ്റുമുള്ള നിക്ഷേപങ്ങൾ കിൻഫ്രയുടെ നേതൃത്വത്തിലും മോണിറ്റർ ചെയ്തുവരുന്നു. വിവിധ ഏജൻസികളിലൂടെ നടത്തുന്ന തുടർപ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനായി ഓൺലൈൻ സംവിധാനവും നിലവിലുണ്ട്.
താത്പര്യപത്രങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നത്തിനുള്ള പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും സുഗമമായ പദ്ധതി നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി ഉപദേശകസമിതിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ സമിതിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കെഎസ്ഐഡിസിയുടെ ബോർഡ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തിയതിനാൽ ആ തലത്തിലുള്ള അവലോകനവും നിരന്തരം നടക്കുന്നു. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളിലായി 31 നയപരിഷ്കാരങ്ങളുടെ ഡോസിയർ തയാറാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വന്ന പദ്ധതികൾക്ക് പ്രഥമ പരിഗണ നല്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കുകയും ജില്ലാ കളക്ടറേറ്റുകളിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിക്കുകയും ചെയ്തു. ഇത്രയും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 104 നിക്ഷേപ താത്പര്യപത്രങ്ങളെ നിക്ഷേപമാക്കി പരിവർത്തനം ചെയ്യാൻ സർക്കാരിനു സാധിച്ചത്.
അൻപതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപസംഗമത്തിന് മുൻപായി സംഘടിപ്പിച്ചിരുന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബായിലും ഇൻഡസ്ട്രിയൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകളും പൂർത്തിയാക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. ഇങ്ങനെ വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ടതായതുകൊണ്ടാണ് ഐകെജിഎസ് ഏറ്റവുമധികം ഫലപ്രാപ്തി നൽകിയത്. രാജ്യത്തെ ഏറ്റവും പ്രധാന നിക്ഷേപ ലക്ഷ്യ കേന്ദ്രം എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്ക് വേഗം കൂടിയിരിക്കുന്നു.