ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇറച്ചി വിഭവങ്ങള്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വെറ്ററിനറി രംഗത്തെ വിദഗ്ധരും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും. പക്ഷിപ്പനിയുടെ പേരില്‍ ആലപ്പുഴയിലെ ഹോട്ടലുകളില്‍ കോഴി, താറാവു വിഭവങ്ങള്‍ നിരോധിച്ചതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലെത്തി ഈ വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ 1500 ഹോട്ടലുകള്‍ ചൊവ്വാഴ്ച അടച്ചിട്ടിരുന്നു. നിയന്ത്രണം തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വിദഗ്ധര്‍ രംഗത്തെത്തിയത്. പക്ഷിപ്പനി അഥവ ഏവിയന്‍ ഇന്‍ഫ്ലൂവന്‍സ ഒരു അന്താരാഷ്ട്ര സാംക്രമിക രോഗമാണ്.
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളനുസരിച്ചാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രോഗബാധയേറ്റ സ്ഥലത്തുനിന്നുള്ള ഇറച്ചിയും മുട്ടയും മറ്റു സ്ഥലങ്ങളിലേക്കെത്തുന്നത് നിരോധിക്കുകയും ആ പ്രദേശങ്ങളിലെ പക്ഷികളെ കൊന്ന് മറവുചെയ്യുകയും വേണം.
രോഗബാധയേറ്റ സ്ഥലത്തുനിന്നുള്ള മാംസമോ മുട്ടയോ പുറത്തു പോകാത്ത ക്രമീകരണമാണുണ്ടാക്കുന്നത്. പിന്നെ ആ പേരില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്ന ഇറച്ചിയും മുട്ടയും പാകം ചെയ്തു കഴിക്കുന്നതിന് നിരോധനം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും വിദഗ്ധര്‍ പറയുന്നു.
70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ മൂന്നു മുതല്‍ അഞ്ചു മിനിറ്റിനകം വൈറസുകള്‍ നശിക്കും. അതിനാല്‍ പക്ഷിപ്പനിയുടെ പേരില്‍ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ടന്നും കൃത്യമായ മുന്‍കരുതലുകളെടുത്താല്‍ ഇവ പൂര്‍ണമായും സുരക്ഷിതമാണെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും പ്രതികരിച്ചു.
പച്ചമുട്ടയും പാതിവെന്ത ഇറച്ചിയും മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുന്‍ കരുതലെന്ന നിലയില്‍ കോഴി, താറാവ് മാംസം, കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.