കരിന്തളം: അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി. ഇതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് മൂന്നു ലോറികൾ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ. രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് സിനാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ പിടികൂടിയത്.
വെള്ളിയാഴ്ച കരിന്തളം കയനിയിലെ ചെങ്കൽപണയിൽ വില്ലേജ് ഓഫീസർ കെ. രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിന്റെ ഉടമസ്ഥതയിലുള്ള ലോറി പിടികൂടിയിരുന്നു.
മൂന്നു ലോറികളും കരിന്തളം വില്ലേജ് ഓഫീസ് വളപ്പിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് റവന്യൂ അധികൃതരുടെ തീരുമാനം.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച ദിവസമാണ് വില്ലേജ് ഓഫീസർ കെ. രാധിക തഹസിൽദാർക്കൊപ്പം പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കെ. രാധിക നീലേശ്വരം സ്വദേശിനിയാണ് .