തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയുടെ കൂറ്റൻ സ്കോറിനു മുന്നിൽ കേരളം പതറുന്നു. കരുണ്‍ നായര്‍ (233), ആര്.സ്മരണ്‍ (222) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന് 586 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം മൂന്നിന് 21 എന്ന നിലയിലാണ്. വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നാല് റണ്‍സെടുത്ത കൃഷ്ണപ്രസാദിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്നെത്തിയ എം.ഡി.നിധീഷും അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്.
കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സോടെ ബേസിലും ആറ് റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയത്. കേരളത്തിന് വേണ്ടി എൻ.പി.ബേസിൽ രണ്ടു വിക്കറ്റ് വീഴ്ത്തി.