കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജിന്റെ പത്രിക തള്ളി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എൽസി.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡമ്മി സ്ഥാനാർഥിയും ഉണ്ടായിരുന്നില്ല.
ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർഥി കെ.കെ.സന്തോഷിന്റെ പത്രികയും തള്ളി. സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.