ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചു പശ്ചിമ ബംഗാളിൽനിന്നു ബംഗ്ലാദേശിലേക്ക് നാടു കടത്തിയ യുവതിയെയും എട്ടു വയസുള്ള മകനെയും തിരികെ കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ് അലി, ഇവരുടെ മകൻ എന്നിവരുൾപ്പെടെ ബംഗ്ലാദേശിലേക്കു നാട് കടത്തിയ ആറ് പശ്ചിമബംഗാൾ സ്വദേശികളെ ഒക്ടോബർ 26നകം തിരികെയെത്തിക്കാൻ നേരത്തേ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കവെയാണു മാനുഷിക പരിഗണനന മുൻനിർത്തി ഗർഭിണിയായ സുനാലി ഖാത്തൂനെയും മകനെയും എത്രയും വേഗം തിരികെയെത്തിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്രത്തിനു നിർദേശം നൽകിയത്.
സുനാലി ഖാത്തൂനും മകനും സൗജന്യ പരിചരണവും ആവശ്യമായ സൗകര്യങ്ങളും നൽകണം. അമ്മയെയും കുട്ടിയെയും വേർപെടുത്തരുത്. ഇരുവർക്കും സൗജന്യ പരിചരണവും സൗകര്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
20 വർഷമായി ഡൽഹിയിൽ ആക്രി ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസുകാരൻ മകൻ എന്നിവരെയും ബീർഭൂം ജില്ലയിലെ ധിത്തോറ ഗ്രാമത്തിലെ 32 വയസുകാരി സ്വീറ്റി ബീബിയെയും അവരുടെ രണ്ട് ആണ്മക്കളെയും ഡൽഹി പോലീസ് കസ്റ്റഡയിലെടുത്ത് ബിഎസ്എഫിനു കൈമാറി ജൂണ് 26നാണ് അതിർത്തി കടത്തിയത്.
തുടർന്ന് സുനാലി ഖാത്തൂന്റെ പിതാവ് ഭോഡു നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവരെ തിരികെ ഇന്ത്യയിലേക്കെത്തിക്കാൻ പരമോന്നത കോടതി ഉത്തരവിട്ടത്. ഭോഡു ഷെയ്ഖിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും സുനാലി അദ്ദേഹത്തിന്റെ മകളാണെങ്കിൽ അവരും മക്കളും പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.