മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയിൽ ബൈപാസ് ആരംഭിക്കുന്നിടത്ത് ഗതാഗതക്കുരുക്കും വാഹനാപകടവും പതിവാകുന്നു.
ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപാസിലേക്ക് തിരിഞ്ഞു കയറുമ്പോഴും ബൈപാസിൽനിന്നു ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴുമാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. ഒപ്പം സമീപത്തെ തിയറ്റർ കോംപ്ലക്സിൽനിന്നുള്ള വാഹനങ്ങൾ കൂടിയാകുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
ദേശീയപാതയിലൂടെ മുണ്ടക്കയം ഭാഗത്തുനിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും ബൈപാസിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാറില്ല. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വേഗത്തിൽ ബൈപാസിലേക്ക് തിരിഞ്ഞു കയറുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നു.
ആഘോഷ ദിവസങ്ങളിലും പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോഴും തിയറ്റർ കോംപ്ലക്സിൽനിന്നുള്ള വാഹനങ്ങൾ ഒരുമിച്ച് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ മേഖലയിൽ ഏറെ നേരമാണ് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ബൈപാസ് ആരംഭിക്കുന്ന മുണ്ടക്കയം കോസ്വേ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പൈങ്ങന പാലത്തിന് സമീപം ബൈപാസ് ആരംഭിക്കുന്നിടത്ത് താത്കാലിക ഡിവൈഡറുകൾ സ്ഥാപിക്കുകയും ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെ റൗണ്ടാന അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്താൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.