പണ്ട് ആമയും മുയലും തമ്മിലുള്ള പന്തയ ഓട്ടത്തിനുശേഷം ആമകൾക്കു നാട്ടിൽ ഒരു നിലയും വിലയും ഉണ്ടായത് ഇപ്പോഴാണ് - ഇത്രയും പറഞ്ഞുകൊണ്ട് ആമ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എയിംസ് കുമാർ അഭിമാനത്തോടെ കസേരയിൽ ചാഞ്ഞിരുന്നു. എന്നിട്ട് വട്ടംകൂടിയിരിക്കുന്ന അണികളുടെ മുഖത്തേക്ക് കണ്ണുപായിച്ചു. എല്ലാ കണ്ണുകളിലും നക്ഷത്രയാമത്തിളക്കം.
“എന്തായാലും കേന്ദ്രബജറ്റിനെ അഭിനന്ദിക്കാതെ വയ്യ. ബജറ്റിൽ ആദ്യമായി നമ്മുടെ കൂട്ടർക്കും ഒരിടം കിട്ടിയല്ലോ’’- അതിവേഗൻ ആമയ്ക്കു സന്തോഷം അടക്കാനാകുന്നില്ല.
“സംഭവം കൊള്ളാമെങ്കിലും ബജറ്റ് പ്രസംഗം തീരുന്നതു വരെ എന്റെ ചങ്കിടിക്കുകയായിരുന്നു. എനിക്കു പേരുദോഷമുണ്ടാകുമോയെന്നായിരുന്നു പേടി’’- പ്രസിഡന്റ് പറഞ്ഞതു മനസിലാകാതെ കമ്മിറ്റിയംഗങ്ങൾ പരസ്പരം നോക്കി.
“ഒരു ആമയ്ക്ക് ഇടാൻ പറ്റിയ ഏറ്റവും നല്ല പേരാണെന്നു പറഞ്ഞാ അച്ഛൻ എനിക്ക് എയിംസ് കുമാർ എന്നു പേരിട്ടത്. ബജറ്റിലെങ്ങാനും കിട്ടിപ്പോയിരുന്നെങ്കിലോ?.. നിന്റെ പേരു പൊളിഞ്ഞില്ലേടാ ഷിറ്റ് മോനേയെന്നു നാട്ടുകാർ ചോദിച്ചേനെ. എയിംസ് ഇനിയും ഇഴച്ചിൽ തുടരുകയാണെന്നു കേൾക്കുന്പോൾ എനിക്കു മാത്രമല്ല, ഈ ആമസമുദായത്തിനു മൊത്തത്തിൽ കിട്ടിയ പുരസ്കാരമാണ് അതെന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്’’- പ്രസിഡന്റ് പറഞ്ഞുനിർത്തിയതും അംഗങ്ങൾ ഡെസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചു.
“അല്ലെങ്കിലും എയ്ഡ്സ് ആർക്കു വേണം.. അതിനൊക്കെ ഇപ്പോൾ വല്ല വിലയുമുണ്ടോ? എന്റെ പട്ടിക്കു പോലും വേണ്ട.. “ - ജനറൽ സെക്രട്ടറി തോടേശനാമ വെട്ടിത്തുറന്നു പറഞ്ഞു.
“എയ്ഡ്സ് അല്ല സാറേ എയിംസ്.. ആശുപത്രിയാ...’’
“ഓ ഇത് ആശുപത്രിയാണോ... എങ്കിൽ ഒട്ടും വേണ്ട, വെറുതെ ബാറു പരിപാടി, ക്ഷമിക്കണം ബോറു പരിപാടി.’’- തോടേശനാമ പിൻവലിഞ്ഞു.
“പ്രസിഡന്റേ, അഭിമാനത്തിനു കാരണഭൂതയായ കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് ഒരു നന്ദി പറയേണ്ടേ..?’’- ചോദ്യം അതിവേഗൻ വക.
“നമ്മൾ ഇവിടന്ന് ഇഴഞ്ഞുപിടിച്ച് നന്ദി പറയാൻ അങ്ങ് എത്തുന്പോഴേക്കും മന്ത്രിസഭയുടെ കാലാവധിതന്നെ കഴിയില്ലേ. ഇതൊക്കെ മുൻകൂട്ടി കണ്ടാ നാട്ടുകാർ അതിവേഗ പാത ചോദിച്ചത്. തന്നോ.. ഇല്ലല്ലോ.’’ - എയിംസ് കുമാർ നെടുവീർപ്പിട്ടു.
“നേതാവേ, ഇപ്പോൾ യാത്രകളുടെ ഒരു സീസണ് ആണല്ലോ. രാഷ്ട്രീയക്കാർ മുഴുവൻ ഉടുത്തൊരുങ്ങി റോഡിൽ ഇറങ്ങിയിരിക്കുവാ. കുറെപ്പേരാണെങ്കിൽ ഒരു മുന്നണിയിൽനിന്നു വേറൊരു മുന്നണിയിലേക്കാണ് യാത്ര. ഇപ്പോൾ ഇത്തിരി പേരും പെരുമയുമായി നിൽക്കുവല്ലേ. നമുക്കും ഒരു യാത്ര നടത്തിയാലോ... കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്...’’- ഉഗ്രനൊരു ആശയം മുന്നോട്ടുവച്ചതുപോലെ ട്രഷറർ ഗംഭീരനാമ കേന്ദ്രകമ്മിറ്റിയംഗങ്ങളെ മാറിമാറി നോക്കി.
“താൻ ആദ്യം വലയിൽ കുടുങ്ങിയ ആമകൾക്കായി പിരിച്ച ഫണ്ടിന്റെ കണക്കൊന്നു കൃത്യമായി അവതരിപ്പിക്ക്. വല്ലവനും അതും പറഞ്ഞ് വല്ല പുസ്തകമോ മറ്റോ എഴുതിപ്പിടിപ്പിച്ചാൽ പിന്നെ തലയിൽ കൊടിയുമിട്ട് നടക്കേണ്ടി വരും’’ - ഇരട്ടത്തോടൻ രോഷത്താൽ ഇടഞ്ഞു.
“അതു പേടിക്കേണ്ട, പുസ്തകം ഇറങ്ങിയിട്ടില്ലെന്നു പറഞ്ഞാൽ പോരേ..’’- ഗംഭീരൻ സംസ്ഥാന സെക്രട്ടറിയെപ്പോലെയാണ്, ആശയങ്ങൾക്ക് ഒട്ടും പറഞ്ഞമില്ല, പറയാൻ സൗകര്യവുമില്ല!
“നിങ്ങൾ അതുംമിതും പറഞ്ഞ് സമയം കളയാതെ. സീരിയസ് ആയ ഒരു വിഷയം ഇനിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. - കമ്മിറ്റിയംഗം റോഷനാമ ആശങ്കയുടെ ബക്കറ്റ് മുന്നോട്ടുവച്ചു. കേട്ടതോടെ ഇതെന്തു പിരിവാണെന്ന് എല്ലാവർക്കും കടുത്ത ആകാംക്ഷ.
“ബജറ്റിൽ കയറിയെന്നു പറഞ്ഞ് നിങ്ങളെല്ലാം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതുമൊക്കെ കൊള്ളാം. പക്ഷേ, ആമകൾക്ക് ഇത്രയും വിലയും നിലയും വന്ന സ്ഥിതിക്കു നമ്മൾ പുറത്തിറങ്ങുന്നതു സൂക്ഷിക്കണം.’’- റോഷനാമ ഒന്നുനിർത്തി.
“അതെന്തിനാ സൂക്ഷിക്കുന്നത്’’- സംഘഗാനം പോലെയായിരുന്നു കമ്മിറ്റിക്കാരുടെ ചോദ്യം.
“ഭഗവാന്റെ കട്ടിളപ്പാളി വരെ അടിച്ചുമാറ്റിയവന്മാരുള്ള നാടാ. നമ്മളെ കൈയിൽ കിട്ടിയാൽ പിടിച്ചുനിർത്തി തോടും പറിച്ചോണ്ടു പരോളിൽ പോകില്ലെന്ന് ആരു കണ്ടു, അതുകൊണ്ട് തത്കാലം ഒളിവിൽ കഴിയുന്നതാ ബുദ്ധി!’’
മിസ്ഡ് കോൾ
എൻഎസ്എസ്- എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമെന്ന്
ജി. സുകുമാരൻ നായർ.
-വാർത്ത
അടവ് കഴിഞ്ഞു, മൈക്രോലോണ് ക്ലോസ്ഡ്!