തിരുവനന്തപുരം: കാര്യവട്ടം ടി20 മത്സരത്തിനിടെ കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. വിഷയം ബിസിസിഐയെ അറിയിച്ചെന്നും നടപടി ഉറപ്പെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.
പാനീയങ്ങളുടെ സ്പോൺസർമാരെ നിശ്ചയിച്ചിരുന്നത് ബിസിസിഐ ആണെന്നും കെസിഎ വ്യക്തമാക്കി. കുടിവെള്ളത്തിന് അഞ്ചിരട്ടി വില ഈടാക്കിയെന്ന് സമുഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് കെസിഎ രംഗത്തെത്തിയത്.
സ്റ്റേഡിയത്തിൽ പത്തു രൂപയുടെ വെള്ളത്തിന് 100 രൂപയും 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറിൽ തുക കൃത്യമായി നൽകിയിരുന്നു.
200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.