കോഴിക്കോട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍, വിവിധ പദ്ധതികളിലായി ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴി യാതെ മുടങ്ങിപ്പോയതുമായ 6,484 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള 5,150 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ ധനസഹായം നല്‍കുകയും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ 714 ഗുണഭോക്താക്കള്‍ക്ക് ഭൂമിയും വീടും നല്കി.
2020ല്‍ ലൈഫ് ഗുണഭോക്തൃപട്ടിക തയാറാക്കുന്നതിനായി വിപുലമായ സര്‍വേ ആരംഭിക്കുകയും ഉദ്യോഗസ്ഥ പരിശോധനക്കുശേഷം അന്തിമപട്ടിക 2022ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 20,849 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ട പട്ടിക പ്രകാരം പഞ്ചായത്തില്‍ 7,945 വീടുകളും നഗരസഭകളില്‍ ലൈഫ്-പിഎംഎവൈ പദ്ധതി പ്രകാരം 8,930 വീടുകളും പൂര്‍ത്തീകരിച്ചു.
പിഎംഎവൈ ഗ്രാമീണ്‍ വിഭാഗത്തിലൂടെ ഗ്രാമപ്രദേശങ്ങളില്‍ 2,384 വീടുകളും ഒരുക്കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഗുണഭോക്താക്കളില്‍ 584 പേര്‍ക്കും ഭൂമിയും വീടുമില്ലാത്ത 330 ഗുണഭോക്താക്കളില്‍ 172 പേര്‍ക്കും വീട് നിര്‍മിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 44 കുടുംബങ്ങളുടെ പുനരധിവാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.