ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോണ്‍ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.