Kerala
ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും ക്ലെയിം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യവും ത്യാഗമല്ലെന്നും കെസി വ്യക്തമാക്കി. പാര്ട്ടിയില്ലെങ്കില് നേതാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആണ്. പഴയ ആളുകളെ മാറ്റി നിര്‍ത്തില്ല. അനുഭവ സമ്പത്തും യുവത്വവുമായിരിക്കും ഘടകങ്ങള്‍ എന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ പി.ജെ. കുര്യനെ കെസി വേണുഗോപാല്‍ തള്ളി. എത്ര ഉന്നത നേതാവായാലും സ്ഥാനാര്‍ഥി നിര്‍ണയം പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുത് എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി. കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ, മികച്ച വിജയത്തോടെ ഇടതുസർക്കാർ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തീയതികളിൽ ബത്തേരിയിൽ കോൺഗ്രസ് ക്യാന്പ് ചേരുന്നുണ്ട്. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്.
National
ബംഗളുരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കെ. സി. വേണുഗോപാല്‍ എംപി വിഷയം കര്‍ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.
Kerala
കോട്ടയം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ. സിപിഎം-ബിജെപി ബന്ധത്തിലെ ദല്ലാളാണ് ബ്രിട്ടാസ് എന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് ലഭിക്കുന്നതിനായി സാധാരണ ഒരു എംപി ഇടപെട്ടപോലെയല്ല പിഎം ശ്രീ പദ്ധതിയിൽ ബ്രിട്ടാസ് ഇടപെട്ടത്. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി ബ്രിട്ടാസ് പ്രവർത്തിച്ചുവെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മന്ത്രിയുടെ വെളിപ്പെടുത്തലിന് പല മാനങ്ങളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് തന്നോട് ഒരു വ്യവസായി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായി സംശയിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇത്തരം അമൂല്യവസ്തുക്കൾക്ക് വലിയ മൂല്യമാണ് ലഭിക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. സിപിഎമ്മിലെ രണ്ട് നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണ്. നടപടിയെടുത്താൽ എ. പത്മകുമാർ പല സത്യങ്ങളും വിളിച്ചുപറയുമെന്ന പേടിയാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
National
മംഗലാപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മംഗളൂരു യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച.
സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്, ജി. പരമേശ്വര, സതീഷ് ജര്‍കിഹോലി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനില്ക്കുന്ന ലക്ഷ്മി ഹെബ്ബാള്‍കറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാര്‍ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.
National
ന്യൂഡൽഹി: അടുത്ത വർഷം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കാൻഡ്. ഇക്കാര്യം കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി.
ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും.
കൂട്ടായ നേതൃത്വം എന്ന നിർദേശം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.