മലപ്പുറം: ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേർന്നു.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. സംയോജിത ആരോഗ്യ കാന്പയിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സംയോജിത ആരോഗ്യ കാന്പയിനുകൾ ജില്ലയിൽ സംഘടിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായുള്ള "പ്രോഗ്രാമാറ്റിക് മാപ്പിംഗ്’, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുടെ റിപ്പോർട്ടുകൾ കമ്യൂണിറ്റി അഡ്വൈസറി ബോർഡ് യോഗം എന്നിവ വിലയിരുത്തി.
എച്ച്ഐവി/എയ്ഡ്സ് ആക്ട് 2017 സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്കായി ബോധവത്കരണം സംഘടിപ്പിക്കാനും എൻഎസ്എസ് വിദ്യാർഥികൾക്കായുള്ള "ഉണർവ്’ കാന്പയിൻ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ എച്ച്ഐവി പോസിറ്റീവ് നെറ്റ് വർക്കും ടിഐ പ്രോജക്ടുകളും നേരിടുന്ന ചികിത്സാ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഫണ്ട് ലഭ്യത തുടങ്ങിയ പരാതികൾ ചർച്ച ചെയ്തു. ഇവ പരിഹരിക്കാൻ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീരുമാനമായി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. ജയന്തി, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. നൂനമർജ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ, ദിശ ക്ലിനിക്കൽ സർവീസ് ഓഫീസർ സപ്ന രാജ്, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സമിതിയിലെ വിവിധ അംഗങ്ങൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.