അഡ്‌ലെയ്ഡ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റും വിജയിച്ചതോടെയാണ് ഓസീസ് കിരിടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 371 & 349, ഇംഗ്ലണ്ട് - 286 & 352.
ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാനദിനം 352 റൺസിനു പുറത്താകുകയായിരുന്നു. 85 റൺസെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോറർ. ജാമി സ്മിത്ത് (60), വിൽ ജാക്സ് (47), ബ്രൈഡൺ കഴ്സ് (39), ജോ റൂട്ട് (39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അവസാന ദിനം ആറിന് 206 എന്ന നിലയില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ജാമി സ്മിത്തിന്‍റെയും വില്‍ ജാക്സിന്‍റെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കിയിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തതോടെ പോരാട്ടം വീണ്ടും ആവേശത്തിലായി.
82 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്ത ജാമി സ്മിത്ത് സ്റ്റാർക്കിന്‍റെ പന്തിൽ കമ്മിൻസിന് പിടികൊടുത്തു മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 285 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിൽ ജാക്സും ബ്രൈഡൺ കഴ്സും ചേർന്ന് ചെറുത്തുനില്പ് തുടർന്നു. ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.
സ്കോർ 337 റൺസിൽ നില്ക്കെ ജാക്സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരറ്റത്ത് കഴ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.
ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റെടുത്തു.