കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ കീമിൽ തുല്യനീതി ഉറപ്പാക്കാനായി പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കിയത് തന്റെ നിയമപോരാട്ടത്തിന്റെ ഫലമെന്നു വിദ്യാഭ്യാസ പ്രവർത്തകനും എഡ്യൂപോർട്ട് സ്ഥാപകനുമായ അജാസ് മുഹമ്മദ്.
നിലവിലിരുന്ന നോർമലൈസേഷൻ സംവിധാനം അപര്യാപ്തതകളുള്ളതാണെന്നും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമുള്ള റാങ്കിംഗ് സംവിധാനം വേണമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് 2025ലെ കീം ഫലം പ്രഖ്യാപിച്ചതിനുശേഷം പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കി ഉത്തരവുണ്ടായത്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിംഗ് നിർണയിക്കുന്നത്. രണ്ടുംകൂടി 600 മാർക്കാണ് കണക്കാക്കുന്നത്.
സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന നോർമലൈസേഷൻ ഫോർമുലയിലെ പ്രശ്നങ്ങളാണു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പുതിയ രീതി സംസ്ഥാന സിലബസിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കു നേട്ടമാണെന്നും അജാസ് മുഹമ്മദ് പറഞ്ഞു.