ആലപ്പുഴ: നഗരത്തിലും പരിസരങ്ങളിലുമുള്ള കത്തോലിക്ക ഇടവകകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആലപ്പി കാത്തലിക് കൺവൻഷൻ നാളെ ആരംഭിച്ച് ശനിയാഴ്ച സമാപിക്കും. മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയങ്കണത്തിൽ നടക്കുന്ന കൺവൻഷൻ പ്രസിദ്ധ വചന പ്രഘോഷകൻ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കും.
ലത്തീൻ, സിറോ മലബാർ, സീറോ മലങ്കര റീത്തുകളിലെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ കൺവൻഷനിൽ പങ്കടുക്കും. എല്ലാ ദിവസവും വൈകിട്ട് 4.30ന് ജപമാലയോടു കൂടി കൺവൻഷൻ ആരംഭിക്കും.
നാളെ വൈകിട്ട് അഞ്ചിന് ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടന സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മാവേലിക്കര മുൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ എന്നിവർ സന്ദേശം നൽകും. സമാപന ദിവസം ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും.
എല്ലാ ദിവസവും രാത്രി ഒൻപതിന് കൺവൻഷൻ സമാപിക്കും. പാർക്കിങ്ങിന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും കൺവൻഷൻ സമാപിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ രക്ഷാധികാരിയും വികാരി ജനറൽ ഫാ. ജോയി പുത്തൻവീട്ടിൽ ചെയർമാനും കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് കൊടിയനാട്, പഴവങ്ങാടി മാർസ്ലീവ ഫൊറോന തീർഥാടന പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, സെന്റ് മേരീസ് മലങ്കര കത്തോലിക്കപ്പള്ളി വികാരി ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ജനറൽ കൺവീനർമാരുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
നഗരത്തിലും പരിസരത്തുമുള്ള 25 ലധികം ഇടവകകളിൽനിന്ന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.