തൃശൂര്‍: കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥയാണ്. പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളഞ്ഞ ആമ്പക്കാടന്‍ കപ്പപറിച്ചു വിറ്റുകിട്ടിയ തുകയുമായിട്ടാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ ഗവ. വിഎച്ച്എസ്എസിലെ കണ്ണനുണ്ണി ഓട്ടന്തുള്ളല് മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ അമ്മ ഓമനിച്ചുവളര്‍ത്തിയ പശുവിനെ വിറ്റുകിട്ടിയ കാശുമായെത്തി മത്സരിച്ച് ഹൈസ്കൂള്‍വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡ് നേടിയിരുന്നു.
ഏഴാം വയസില്‍ ഇരിങ്ങോല്‍ ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല് കണ്ട കണ്ണനുണ്ണി അമ്മ ബിന്ദുവിനോടു ചോദിച്ചു: ഈ ചേട്ടനെന്താ നമ്മളെ കളിയാക്കുന്നത്. അമ്മ പറഞ്ഞു: ഇത് ആക്ഷേപഹാസ്യമാണെന്ന്. അപ്പോള്‍ കണ്ണനുണ്ണി പറഞ്ഞു: എനിക്കും പഠിക്കണം...
ചെറിയ കൃഷിയും പശുവളര്‍ത്തലുമായി കഴിഞ്ഞിരുന്ന അച്ഛന് ഉണ്ണികൃഷ്ണനും ബിന്ദുവിനും മകനെ തുള്ളല്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പശുവിനെ വിറ്റുകിട്ടിയ കാശുമായി കലാമണ്ഡലം മോഹനകൃഷ്ണന്മാസ്റ്ററുടെ അടുത്തെത്തിച്ചു. തുള്ളലില്‍ കഴിവു തെളിയിച്ച കണ്ണന് പിന്നീട് നൃത്തത്തിലേക്കും തിരിഞ്ഞു. കേരളനടനം, കുച്ചിപ്പുടി എന്നിവ കലാമണ്ഡലം വസന്തടീച്ചറുടെ ശിക്ഷണത്തിലാണ് പഠിച്ചത്.
കഴിഞ്ഞ വര്‍ഷംമുതല്‍ സംസ്ഥാനകലോത്സവത്തില്പങ്കെടുത്തുതുടങ്ങി. ഇത്തവണ തുള്ളലിനൊപ്പം കേരളനടനത്തിനും എ ഗ്രേഡ് ലഭിച്ചു. ഇന്നു കുച്ചിപ്പുടിയിലും പങ്കെടുക്കും.
കലയില്‍ മകനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കർഷകനായ അച്ഛന് ഉണ്ണികൃഷ്ണനും പശുവിനെ വളർത്തുന്ന അമ്മ ബിന്ദുവും. കൃഷ്ണനുണ്ണി സഹോദരനാണ്.