തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതു കൈ നഷ്ടപ്പെട്ട ഒന്പതു വയസുകാരി വിനോദിനിക്കു കൃത്രിമ കൈ വയ്ക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസിക്കു മുഴുവൻ തുകയും കൈമാറി.
കൃത്രിമ കൈ നിർമിച്ചു നൽകാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാടു നിന്ന് കൊച്ചിയിൽ എത്തിച്ചു. അമൃത ആശുപത്രിയിൽ എല്ലാ വിധ പരിശോധനകളും പൂർത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു.
ഇതിനുള്ള ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഓർഡർ നൽകി കൊണ്ടു വരേണ്ടതുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ കൃത്രിമ കൈ തയാറാകും. കൃത്രിമ കൈ കുട്ടിക്കു വച്ചതിനു ശേഷമുള്ള പരിശോധനകൾ പരമാവധി മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.