തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2020-21 വർഷം പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂർ എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി (മലയാളം) അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്കൂളിൽ ഒരു എച്ച്എസ്ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകി.
മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാൻഡ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നൽകിയത്.
2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18.40 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി.
കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻജെഡി ഒഴിവുകളിൽ കായികരംഗത്ത് നിന്ന് വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കാൻ അനുമതി നൽകി.