കൊല്ലം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്.രശ്മിയെ കൊട്ടാരക്കരയില്‍ കളത്തില്‍ ഇറക്കാന്‍ ബിജെപി. രശ്മിയെ സ്ഥാനാര്‍ഥി ആക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം രശ്മിക്കെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം.
അപമാനിതയായാണ് കോണ്‍ഗ്രസില്‍ നിന്നു പടിയിറങ്ങുന്നതെന്നാണ് ആര്.രശ്മി ബിജെപിയില്‍ ചേരുമ്പോള്‍ വ്യക്തമാക്കിയത്. 2021ലെ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയായിരുന്നു ആര്. രശ്മി മത്സരിച്ചത്. ബാലഗോപാലിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാനും വലിയ തോതില്‍ വോട്ട് പിടിക്കാനും ആര്. രശ്മിക്കായിരുന്നു. എന്നാല്‍ ഇക്കുറി ബിജെപിയില്‍ എത്തിയതോടെ കോണ്‍ഗ്രസ് സിപിഎം വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കി വോട്ട് പിടിക്കാനാണ് ബിജെപി ഇക്കുറി ആര്. രശ്മിയിലൂടെ പദ്ധതിയിടുന്നത്.
സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയാറായത്. അയിഷ പോറ്റി പാർട്ടിയിലെത്തിയതിനു പിന്നാലെ രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതിയിരുന്നില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ അടക്കം തത്സമയ സംപ്രേഷണം തന്റെ ഫെയ്സ്ബുക്ക് പേജിൽ രശ്മി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷത നീക്കമുണ്ടായത്. കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശ പ്രകാരം പുതുയുഗ യാത്രയ്ക്ക് മുന്നേ വി.ഡി. സതീശനെ നേരിൽ കണ്ട് രശ്മി സംസാരിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആയിരുന്നു സതീശൻ രശ്മിയോട് പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ രശ്മി ബിജെപിയിൽ ചേരുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ഇന്ന് ബാലഗോപാലിനെ നേരിടാൻ ശക്തിയുള്ള എതിരാളിയെ വേണമെന്ന ചിന്തയാണ് അയിഷ പോറ്റിയിലേക്ക് കോൺഗ്രസിനെ അടുപ്പിച്ചത്. പാർട്ടി നടത്തിയ രഹസ്യ സർവേകളിലും അയിഷ പോറ്റിയെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.
സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ കൂടിചേർന്ന കൊട്ടാരക്കര അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.രശ്മി ബിജെപി സ്ഥാനാർഥിയാകുന്നതോടെ കൊട്ടാരക്കര കടുത്തമത്സരവേദിയാകുമെന്നും ഉറപ്പായി.