ശരീരത്തിന്റെ ശേഷി, ഊർജം എന്നിവ അനുവദിക്കുന്നതിനേക്കാൾ കൂടുതലായി അധ്വാനിക്കുക, വയർ, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികൾക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയും പുറംവേദനയ്ക്കു കാരണമാകുന്നു. നല്ല ആരോഗ്യത്തിനു നല്ലതല്ലാത്ത ജീവിതശൈലിയുടെ ഫലമായും പുറംവേദന ഉണ്ടാകും.
ചികിത്സയുടെ ഭാഗമായി മരുന്നുകൾ, ആഹാരക്രമീകരണം, വ്യായാമം, മാനസിക സംഘർഷം കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ആയിരിക്കണം.
എങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്.
കിടക്കുമ്പോൾ
നല്ല ഉറപ്പുള്ള പ്രതലത്തിൽ കിടക്കുകയാണു നല്ലത്. മൂന്നിഞ്ചു കനമുള്ള പഞ്ഞിമെത്തയും മൂന്നിഞ്ചു കനമുള്ള തലയിണയും ഉപയോഗിക്കാം.
എണ്ണ പുരട്ടാം
നൂറു മില്ലി നല്ലെണ്ണയിൽ ഒരു ടീസ്പൂണ് കുന്തിരിക്കമിട്ട് തിളപ്പിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി വയ്ക്കുക. അതിൽനിന്ന് അൽപമെടുത്തു ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ചുമിനിറ്റ് നേരം മൃദുവായി തടവുക.
ചൂടുവെള്ളത്തിൽ കുളിക്കുക. കുളികഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
വ്യായാമം ചെയ്യുമ്പോൾ...
വേദന പൂർണമായി മാറിയശേഷം ഡോക്ടർ പറഞ്ഞിട്ടുള്ള വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. എന്നാൽ, വ്യായാമം ചെയ്തുതുടങ്ങിയശേഷം വേദന അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം ചെയ്യുന്നതു നിർത്തിവയ്ക്കണം.
ആയാസകരമായ ജോലി ചെയ്യുമ്പോൾ
ഭാരം പൊക്കുകയോ മറ്റ് ആയാസകരമായ ജോലികൾ ചെയ്യുകയോ ആണെങ്കിൽ തോൾ, പുറം, നടുവ് എന്നീ ഭാഗങ്ങളിൽ സമ്മർദം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇരുന്നു ജോലി ചെയ്യുന്നവർ
ഇരുന്നു ജോലി ചെയ്യുന്നവർ കസേര, മേശ എന്നിവ ശരിയായ രീതിയിൽ ഉയരമുള്ളവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാത്രമല്ല, മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും എഴുന്നേൽക്കുകയും കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുകയും വേണം.
വെയിൽ കൊള്ളണം
ദിവസവും രാവിലെ ഒൻപതു മണിക്കുമുൻപ് ഇരുപതു മിനിറ്റുനേരം വെയിൽ കൊള്ളുന്നതു നല്ലതാണ്.
എള്ളും പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളയും...
സൗകര്യപ്പെടുന്ന സമയങ്ങളിൽ ഒരു ടീസ്പൂണ് എള്ള്, പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ള എന്നിവ കഴിക്കാവുന്നതാണ്.
പുൽത്തൈലം
വൈകുന്നേരം അല്പം ചൂടുവെള്ളത്തിൽ നാലോ അഞ്ചോ തുള്ളി പുൽത്തൈലം ചേർത്ത് അതിൽ തുണിമുക്കി ശരീരം മുഴുവൻ തുടയ്ക്കുകയും നല്ലതുപോലെ തോർത്തിയശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം
- ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാൻ ഉപയോഗിക്കുന്നതാണു നല്ലത്.
- നന്നായി ഉറങ്ങുക.
- ധാരാളം പാട്ടു കേൾക്കുക.
- തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.