ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.