കോൽക്കത്ത: പ്രമുഖ ബംഗാളി സാഹിത്യകാരൻ മണി ശങ്കർ മുഖർജി (92) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഇദ്ദേഹം ശങ്കർ എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
1962ൽ പുറത്തിറങ്ങിയ ‘ചൗരംഗീ’ആണ് ഏറ്റവും പ്രശസ്ത നോവൽ. ഈ നോവൽ സിനിമയായി. സീമാബദ്ധ, ജനാരണ്യ എന്നീ നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവ രണ്ടും വിഖ്യാത സംവിധായകൻ സത്യജിത് റേ സിനിമയാക്കി.
ഇന്നത്തെ ബംഗ്ലാദേശിലെ ജെസോർ ജില്ലയിൽ 1933 ഡിസംബർ ഏഴിനാണ് മുഖർജി ജനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു മുന്പ് കുടുംബം കോൽക്കത്തിയിലേക്കു മാറി. ഹൗറയിലായിരുന്നു മുഖർജിയുടെ ബാല്യകാലം.