എരുമപ്പെട്ടി: കുണ്ടന്നൂരിൽ ടോറസ്ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടക്കാഞ്ചേരി കല്ലൻപാറ ചെമ്പ്രം കോട്ടിൽ മോഹനൻ (55) ആണ് മരിച്ചത്. വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ സെന്ററിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്. മുട്ടിക്കലിൽ കടനടത്തുന്ന വ്യക്തിയാണ് മോഹനൻ.
മകനുമായി ബൈക്കിൽ വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്നു മോഹനൻ. ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കാൻ ടോറസ് ലോറി ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ലോറിക്കടിയിലേക്ക് മറിഞ്ഞ് വീണ മോഹനന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. മോഹനൻ തൽക്ഷണം മരിച്ചു.
മകൻ എതിർ ദിശയിലേക്ക് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അൽഅമീൻ ആശുപത്രി ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.