ചേർത്തല: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലചെയ്യപ്പെട്ട കേസിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ചേർത്തല ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സി.എം. സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതിനൊപ്പം സെബാസ്റ്റ്യനടക്കം 11 പേർ പ്രതിയായ വസ്തു തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള മൂന്നു കേസുകളും ചേർത്ത് കുറ്റപത്രം സമർപ്പിച്ചു.
നിലവിൽ ബിന്ദുപത്മനാഭൻ ഉൾപ്പെടെ മൂന്നു കൊലപാതക കേസുകളും വ്യാജരേഖ ചമച്ചുള്ള സാമ്പത്തിക തട്ടിപ്പുമുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസിൽ സെബാസ്റ്റ്യൻ വിയൂർ ജയിലിലാണ്. 2017 ൽ ബിന്ദു പത്മനാഭനെ കാണാതായതായി സഹോദരൻ പ്രവീൺകുമാർ സംസ്ഥാന ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
2018-ൽ തന്നെ ബിന്ദു പത്മനാഭന്റെ സ്വത്ത് വ്യാജരേഖകൾ ചമച്ചു തട്ടിയെടുത്തതായ കേസുകളെടുത്തിരുന്നു. എന്നാല്‍ മൂന്നു മാസം മുമ്പാണ് ബിന്ദു കൊലചെയ്യപെട്ടന്നു കണ്ടെത്തി കേസെടുത്തത്.
ഇതോടെയാണ് വ്യാജരേഖ ചമച്ചുള്ള സ്വത്ത് തട്ടിപ്പ് ഉൾപ്പെടെയുള്ള മൂന്നു കേസുകളും കൊലപാതകവും ഉൾപ്പെടെ നാലു കേസുകളും ചേര്‍ത്ത് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത്കുമാർ, എസ് ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 2006 മേയ് ആറിന് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വച്ച് ബിന്ദുവിനെ കൊലചെയ്ത തായാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.